രാമമൂർത്തി നഗർ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറെ നിരന്തരം പിന്തുടർന്ന് ശല്യപ്പെടുത്തുകയും പ്രണയാഭ്യർഥന നിരസിച്ചതിന് ആത്മഹത്യാഭീഷണി മുഴക്കി നിർബന്ധിക്കുകയും ചെയ്ത യുവതിക്കെതിരെ പോലീസ് കേസെടുത്തു.
ബെംഗളൂരുവിലെ രാമമൂർത്തി നഗറിൽ താമസിക്കുന്ന സഞ്ജന എന്ന വനജയ്‌ക്കെതിരെയാണ് ബെംഗളൂരു പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പൊതുപ്രവർത്തകയാണെന്ന് അവകാശപ്പെടുന്ന യുവതി, രാഷ്ട്രീയബന്ധങ്ങൾ ഉപയോഗിച്ചും ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു.
രാമമൂർത്തി നഗർ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായ ജി.ജെ. സതീഷിനെയാണ് യുവതി പിന്തുടർന്ന് ശല്യപ്പെടുത്തിയത്. ഒക്ടോബർ 30 മുതലാണ് ഈ സംഭവങ്ങളുടെ തുടക്കം. വാട്‌സാപ്പ് വഴി ഇൻസ്പെക്ടറെ വിളിച്ച യുവതി, സ്വയം സഞ്ജന എന്ന് പരിചയപ്പെടുത്തി.
തനിക്ക് ഇൻസ്പെക്ടറുമായി പ്രണയമാണെന്നും മറുപടി നൽകണമെന്നും ആവശ്യപ്പെട്ടു. ഇത് ഗൗനിക്കാതെ ഇൻസ്പെക്ടർ അവഗണിച്ചതോടെ, യുവതി നിരന്തരം ഫോൺവിളികൾ തുടർന്നു. ഈ കോളുകൾ ഇൻസ്പെക്ടർ ബ്ലോക്ക് ചെയ്തെങ്കിലും, യുവതി പുതിയ നമ്പറുകളിൽനിന്ന് വിളിച്ചു ശല്യം ചെയ്യുന്നത് തുടർന്നു.
ഇൻസ്‌പെക്ടറുടെ അവഗണന ശക്തമായതോടെ, താൻ കോൺഗ്രസ് പ്രവർത്തകയാണെന്നും മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും അടുത്ത ബന്ധമുണ്ടെന്നും യുവതി ഭീഷണി മുഴക്കി. ഇതിന് തെളിവായി മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ അടക്കമുള്ള നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങളും അയച്ചുനൽകി. ഇതിന് പിന്നാലെയാണ് ഇൻസ്പെക്ടർക്ക് ആഭ്യന്തരമന്ത്രിയുടെ ഓഫീസിൽനിന്ന് ഒരു ഫോൺകോൾ ലഭിക്കുന്നത്.
ഒരു യുവതി പരാതി നൽകിയിട്ടും എന്തുകൊണ്ടാണ് അത് പരിഗണിക്കാത്തത് എന്നായിരുന്നു മന്ത്രിയുടെ ഓഫീസിൽനിന്നുള്ള ചോദ്യം. എന്നാൽ, യുവതി സ്റ്റേഷനിൽ പരാതിയുമായി വന്നിട്ടില്ലെന്നും ഫോണിലൂടെ പരസ്പരവിരുദ്ധമായി സംസാരിക്കുക മാത്രമാണ് ചെയ്തതെന്നും ഇൻസ്പെക്ടർ മറുപടി നൽകി.
ഈ സംഭവങ്ങൾക്കിടയിലും യുവതിയുടെ ശല്യം തുടർന്നു. ഇൻസ്പെക്ടർ സ്റ്റേഷനിൽ ഇല്ലാത്ത സമയത്ത് അവിടെയെത്തി, ബന്ധുവാണെന്ന് പരിചയപ്പെടുത്തി പൂച്ചെണ്ടും മിഠായിയും നൽകി പോകുന്നത് പതിവായി.
തുടർന്ന്, നവംബർ 27-ന് ഒരു കവറുമായി യുവതി വീണ്ടും സ്റ്റേഷനിലെത്തി ഇൻസ്പെക്ടറുടെ മുറിയിൽ അതിക്രമിച്ചു കയറി. ഇൻസ്പെക്ടർ ഈ കവർ തുറന്നു നോക്കിയപ്പോൾ, അതിൽ മൂന്ന് കത്തുകളും 20 ഉറക്കഗുളികകളുമാണ് കണ്ടത്.
പ്രണയാഭ്യർഥന സ്വീകരിച്ചില്ലെങ്കിൽ ഈ ഗുളികകൾ കഴിച്ച് ജീവനൊടുക്കുമെന്നായിരുന്നു ഒരു കത്തിലെ ഭീഷണി. മറ്റൊരു കത്തിൽ സ്വന്തം ചോര ഉപയോഗിച്ച് ‘ഐ ലവ് യൂ ചിന്നി, യൂ ലവ് മീ’ എന്ന് എഴുതിയിരുന്നതായും പരാതിയിലുണ്ട്.
ഡിസംബർ 12-ന് യുവതി വീണ്ടും സ്റ്റേഷനിലെത്തി ആത്മഹത്യാഭീഷണി മുഴക്കുകയും പ്രണയം നിരസിച്ചാൽ ഇൻസ്പെക്ടറുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് പോലീസിന് മറ്റു വഴികളില്ലാതെ യുവതിക്കെതിരെ കേസെടുക്കേണ്ടിവന്നത്.
പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, യുവതി മുമ്പും ചില പോലീസ് ഉദ്യോഗസ്ഥരെ ഇത്തരത്തിൽ ശല്യപ്പെടുത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. യുവതിയെ കൗൺസിലിങ്ങിന് വിധേയയാക്കാൻ പോലീസ് ശ്രമിച്ചെങ്കിലും യുവതിയും വീട്ടുകാരും സഹകരിച്ചില്ലെന്നും പോലീസ് അറിയിച്ചു.
















