നിവിൻ പോളിയുടെ ‘സർവ്വം മായ’ക്ക് എങ്ങും മികച്ച പ്രതികരണം. നിവിൻ പോളി- അജു വർഗീസ് കോംബോ പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടമായി. അഖിൽ സത്യൻ ആണ് ചിത്രം സംവിധാനം ചെയ്തത്. ഒരുപാട് നാളുകൾക്ക് ശേഷം വരുന്ന നിവിന്റെ ചിത്രത്തെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്.
ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്ന റിയ ഷിബു മികച്ച പെർഫോമൻസ് ആണ് കാഴ്ചവെച്ചിരിക്കുന്നതെന്നും അഭിപ്രായങ്ങൾ ഉണ്ട്. ഫൺ സ്വഭാവത്തിൽ ഒരുങ്ങിയ ആദ്യ പകുതിയും ഇമോഷണൽ, ഫീൽ ഗുഡ് രണ്ടാം പകുതിയുമാണ് സിനിമയുടെ പ്രത്യേകത എന്നാണ് അഭിപ്രായങ്ങൾ. ഒരു ഹൊറർ മൂഡിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് നേരത്തെ സൂചന ഉണ്ടായിരുന്നു.
പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ചിത്രമാണ് സർവ്വം മായ. വലിയ പ്രതീക്ഷകളാണ് നിവിൻ ആരാധകർക്ക് ഈ സിനിമയ്ക്ക് മേൽ ഉള്ളത്. സെൻട്രൽ പിക്ചേഴ്സ് ആണ് സിനിമ കേരളത്തിൽ വിതരണം ചെയ്യുന്നത്. എ പി ഇന്റർനാഷണൽ ആണ് റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിന്റെ അവകാശം നേടിയത്. ഗൾഫ് രാജ്യങ്ങളിൽ ചിത്രം തിയേറ്ററിൽ എത്തിക്കുന്നത് ഹോം സ്ക്രീൻ എന്റർടൈൻമെന്റ് ആണ്.
സിനിമയുടെ രചനയും എഡിറ്റിങ്ങും അഖിൽ തന്നെയാണ് നിർവഹിക്കുന്നത്. ഫയർ ഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാറും രാജീവ് മേനോനും ചേർന്നാണ് നിർമാണം. ശരൺ വേലായുധനാണ് സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുന്നത്. ജസ്റ്റിൻ പ്രഭാകറാണ് സിനിമയ്ക്ക് സംഗീതം നിർവഹിക്കുന്നത്. പ്രൊഡക്‌ഷൻ ഡിസൈനർ രാജീവൻ, കോസ്റ്റ്യൂംസ് സമീറ സനീഷ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ബിജു തോമസ്. ജനാർദ്ദനൻ, പ്രീതി മുകുന്ദൻ, അൽത്താഫ് സലിം എന്നിവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ.
















