നിവിൻ പോളി പ്രധാന കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ബേബി ഗേൾ’ ജനുവരിയിൽ റിലീസിനെത്തും. നിവിൻ പോളി, ലിസ്റ്റിൻ സ്റ്റീഫൻ, ബോബി സഞ്ജയ്, അരുൺ വർമ്മ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ബേബി ഗേൾ’. ‘സർവം മായ’ എന്ന സൂപ്പർ ഹിറ്റിനു ശേഷം റിലീസിന് എത്തുന്ന നിവിൻ പോളി ചിത്രം കൂടിയാണ് ‘ബേബി ഗേൾ’.
ഹോസ്പിറ്റൽ അറ്റൻഡന്റ് സനൽ മാത്യു എന്ന കഥാപാത്രമായാണ് നിവിൻ പോളി ചിത്രത്തിൽ എത്തുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ തന്നെ മറ്റൊരു സൂപ്പർ ഹിറ്റായി മാറിയ സുരേഷ് ഗോപി ചിത്രം ഗരുഡന്റെ സംവിധായകൻ അരുൺ വർമ്മയാണ് സംവിധാനം ചെയ്യുന്നത്. എക്കാലവും മലയാളി പ്രേക്ഷകർക്ക് സൂപ്പർഹിറ്റുകൾ മാത്രം സമ്മാനിച്ച ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. റിയൽ ലൈഫ് സ്റ്റോറികളുടെ ഒരു കോംബോയാണ് ഈ ചിത്രം. അത്തരത്തിലുള്ള ചിത്രങ്ങൾ ഒരുക്കുന്നതിനുള്ള ബോബി സഞ്ജയ് ടീമിന്റെ മികവും പ്രേക്ഷകർക്ക് സുപരിചിതമാണ്. മാജിക് ഫ്രെയിംസിനു വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.
ചിത്രത്തിൽ നായികയായി എത്തുന്നത് ലിജോമോൾ ആണ്. സംഗീത് പ്രതാപും, അഭിമന്യു തിലകനും മുഖ്യ വേഷങ്ങൾ ചെയ്യുന്നു. ജനിച്ച് നാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് പ്രധാന കഥാപാത്രമാകുന്ന ചിത്രം കൂടിയാണിത്. മലയാളികളുടെ ഇഷ്ട താരങ്ങളായ അസീസ് നെടുമങ്ങാട്, അശ്വന്ത് ലാൽ, ജാഫർ ഇടുക്കി, മേജർ രവി, പ്രേം പ്രകാശ്, നന്ദു, കിച്ചു ടെല്ലസ്, ശ്രീജിത്ത് രവി, ജോസുകുട്ടി, അതിഥി രവി, ആൽഫി പഞ്ഞിക്കാരൻ, മൈഥിലി നായർ എന്നിങ്ങനെ ഒരു ഗംഭീര താരനിര തന്നെ ചിത്രത്തിലുണ്ട്.
സാധാരണക്കാരന്റെ മനസ്സിൽ തൊടുന്ന പ്രകടനങ്ങളിലൂടെ മലയാള സിനിമയുടെ പുതിയ തലമുറയുടെ ശബ്ദമായി മാറിയ അഭിനേതാവാണ് നിവിൻ പോളി. റൊമാന്റിക്-കോമഡി മുതൽ സീരിയസ് കഥാപാത്രങ്ങൾ വരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാനുള്ള കഴിവ്, ജനപ്രിയവും സ്വാഭാവികമായ അഭിനയശൈലി ഇതൊക്കെ നിവിൻ പോളി എന്ന നടനെ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കുന്നു. തിരുവനന്തപുരത്തും കൊച്ചിയിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ‘ബേബി ഗേൾ’ ജനുവരിയിൽ തിയറ്ററുകളിൽ എത്തും.
















