തേങ്ങ ചേർക്കാതെ തന്നെ അതീവ രുചികരമായും പ്രോട്ടീൻ സമ്പുഷ്ടമായും തയ്യാറാക്കാൻ പറ്റിയ ഒന്നാണ് നിലക്കടല ചമ്മന്തി. വളരെ കുറച്ച് ചേരുവകൾ ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ ഇത് തയ്യാറാക്കാം.
ചേരുവകൾ
നിലക്കടല- 1 കപ്പ്
വറ്റൽ മുളക് – 4 മുതൽ 5 വരെ
വെളുത്തുള്ളി – 3 അല്ലി
വാളൻപുളി – ചെറിയൊരു കഷ്ണം
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 2 ടീസ്പൂൺ
കടുക്- ആവശ്യത്തിന്
ഉഴുന്ന്- ആവശ്യത്തിന്
കറിവേപ്പില- ആവശ്യത്തിന്
കായം- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാനിൽ നിലക്കടല ഇട്ട് ചെറിയ തീയിൽ നന്നായി വറുത്തെടുക്കാം. കടലയുടെ പച്ചമണം മാറി നല്ല മണം വരുമ്പോൾ തീ അണയ്ക്കാം. ഇത് തണുത്ത ശേഷം തൊലി കളഞ്ഞ് വൃത്തിയാക്കി വെക്കാം. ശേഷം ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് വറ്റൽ മുളകും വെളുത്തുള്ളിയും ചെറുതായി വഴറ്റാം. മിക്സിയുടെ ജാറിലേക്ക് വറുത്ത നിലക്കടല, വഴറ്റിയ മുളക്, വെളുത്തുള്ളി, പുളി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കാം. ആദ്യം വെള്ളം ചേർക്കാതെ ഒരു തവണ അരച്ചെടുക്കാം. അതിനുശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ വീണ്ടും അരച്ചെടുക്കാം. തയ്യാറായ ചമ്മന്തി ഒരു പാത്രത്തിലേക്കു മാറ്റാം. മറ്റൊരു ചെറിയ പാനിൽ എണ്ണ ചൂടാക്കി കടുക്, ഉഴുന്ന്, കറിവേപ്പില, ഒരു നുള്ള് കായം എന്നിവ ചേർത്ത് താളിച്ച് ചമ്മന്തിയിലേക്കു ചേർക്കാം. രുചികരമായ നിലക്കടല ചമ്മന്തി തയ്യാർ!
















