യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച പദ്ധതിയിൽ സമവായമുണ്ടാക്കാൻ അബുദാബിയിൽ നടന്ന ആദ്യ ത്രിരാഷ്ട്ര ചർച്ചകൾ തീരുമാനമാകാതെ അവസാനിച്ചു.
യുക്രെയ്‌ൻ – യുഎസ് – റഷ്യ പ്രതിനിധികൾ പങ്കെടുത്ത ചർച്ചയിൽ യുക്രെയ്ന്റെ കിഴക്കൻ മേഖലയായ ഡോൺബാസ് വിട്ടുനൽകണമെന്ന റഷ്യൻ ആവശ്യത്തിലാണ് പ്രധാനമായും തീരുമാനമാകാത്തതെന്നാണ് സൂചന.
അടുത്ത ആഴ്ച വീണ്ടും ചർച്ച നടത്തുമെന്നാണ് പ്രതീക്ഷയെന്ന് രാജ്യാന്തര വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. റഷ്യ – യുക്രെയ്‌ൻ യുദ്ധം ആരംഭിച്ച ശേഷമുള്ള ആദ്യ ത്രിരാഷ്ട്ര ചർച്ചയാണ് അബുദാബിയിൽ നടന്നത്.
കീവ് ലക്ഷ്യമാക്കി രാത്രി റഷ്യ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണത്തിനു പിന്നാലെയാണ് ചർച്ച അവസാനിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നാലു പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
















