ഭാരതത്തിന്‍റെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയും ഭാവി പദ്ധതികൾ പ്രഖ്യാപിച്ചും രാഷ്ട്രപതി ദ്രൗപതി മുർമു പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചു. ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത രാഷ്ട്രപതി, കേന്ദ്ര സർക്കാരിന്‍റെ അഴിമതിരഹിത ഭരണത്തെയും സുതാര്യമായ പ്രവർത്തനങ്ങളെയും അഭിനന്ദിച്ചു.
ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ അടുത്തിടെ ഒപ്പുവെച്ച ചരിത്രപ്രധാനമായ സ്വതന്ത്ര വ്യാപാര കരാറിനെ രാഷ്ട്രപതി പ്രസംഗത്തിൽ എടുത്തുപറഞ്ഞു. രാജ്യത്തെ യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ കരാർ വഴിയൊരുക്കുമെന്ന് അവർ പ്രത്യാശിച്ചു.
ശ്രീനാരായണ ഗുരുവിന്‍റെ വിശ്വപ്രസിദ്ധമായ “വിദ്യകൊണ്ട് പ്രബുദ്ധരാകുക, സംഘടനകൊണ്ട് ശക്തരാകുക” എന്ന വാക്കുകൾ ഉദ്ധരിച്ച രാഷ്ട്രപതി, ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യ നടത്തുന്ന മാനുഷിക സേവനങ്ങളെ കുറിച്ച് പരാമർശിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്.
















