പൊലീസുകാരുടെ ജോലി സമ്മർദ്ദം കുറയ്ക്കുന്നതിനായി വിപ്ലവകരമായ തീരുമാനവുമായി കർണാടക ആഭ്യന്തര വകുപ്പ്. ഇനി മുതൽ ജീവിതത്തിലെ വിശേഷ ദിവസങ്ങളിൽ പൊലീസുകാർക്ക് നിർബന്ധമായും അവധി നൽകണമെന്ന ഉത്തരവുമായി കർണാടക ഡിജിപി.
ജൻമദിനം, വിവാഹ വാർഷികം എന്നീ ദിനങ്ങളിലാണ് അവധി അനുവദിക്കേണ്ടതെന്ന് ഡിജിപി എം.എ.സലീമിന്റെ ഉത്തരവിൽ പറയുന്നു. അവധി അപേക്ഷ ലഭിച്ചാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അനുവദിക്കാൻ മടിക്കരുത്.
ആഘോഷവേളകൾ കുടുംബത്തിനൊപ്പം ചെലവിടാൻ സാധിക്കുന്നതിലൂടെ ജോലി സമർദം കുറയ്ക്കാനും കൂടുതൽ കാര്യക്ഷമത കൈവരിക്കാനും സാധിക്കും.
മതിയായ അവധി ലഭിക്കാതെ വരുന്നത് പൊലീസുകാരുടെ ആരോഗ്യവും മാനസിക നിലയും താളം തെറ്റിക്കുന്നതായി ആഭ്യന്തര വകുപ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.
















