തമിഴ് സിനിമയിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് പ്രദീപ് രംഗനാഥന്‍. തൊട്ടതെല്ലാം പൊന്നാക്കിയ താരമിതാ അടുത്ത ചിത്രവുമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ്. വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്യുന്ന ‘ലവ് ഇൻഷൂറൻസ് കമ്പനി’ഇ എന്ന ചിത്രത്തിലൂടെ ആണ് പ്രദീപ് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്.
പ്രണയദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 12 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളില്‍ ചിത്രമെത്തും. ഒരു ഫാന്റസി പ്രണയ ചിത്രമായി ഒരുങ്ങുന്ന ‘ലവ് ഇൻഷുറൻസ് കമ്പനി’ നയൻതാരയുടെ റൗഡി പിക്ചേഴ്സും ലളിത് കുമാറിന്റെ സെവൻ സ്ക്രീൻ സ്റ്റുഡിയോയും ചേർന്ന് വന്‍ മുതല്‍ മുടക്കിലാണ് ഒരുക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന്‍റെ സംഗീതം. ചിത്രത്തിലെ നേരത്തെ ‘ധീമാ ധീമാ’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കൃതി ഷെട്ടിയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. എസ്ജെ സൂര്യ പ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രത്തില്‍ പ്രദീപ് രംഗനാഥന്‍റെ പിതാവായി നടനും രാഷ്ട്രീയ നേതാവുമായ സീമാൻ എത്തുന്നു. ഗൗരി ജി കിഷൻ, യോഗി ബാബു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ലവ് ടുഡേ, ഡ്രാഗൺ, ഡ്യൂഡ് എന്നീ ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സെൻസേഷനായി മാറിയ താരമാണ് പ്രദീപ് രംഗനാഥൻ. അഭിനയിച്ച മൂന്ന് ചിത്രങ്ങളും 100 കോടി ക്ലബ്ബിൽ ഇടം നേടിയത് കൊണ്ട് തന്നെ പ്രദീപിന്റെ അടുത്ത ചിത്രത്തിനായി പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
















