ആലപ്പുഴ ചെന്നിത്തലയും പ്രവാസിയുടെ വീട്ടിൽ കവർച്ച.ചെന്നിത്തല പഞ്ചായത്ത് അഞ്ചാം വാർഡിൽ വലിയവീട്ടിൽ ഷാരോൺ വില്ലയിൽ ജോസിന്റെ വീട്ടിലാണ് ലക്ഷക്കണക്കിന് രൂപയുടെ മോഷണം നടന്നത്. 20 പവൻ സ്വർണ്ണാഭരണങ്ങൾ, ലാപ്ടോപ്പ്, വിദേശ കറൻസി, പ്രധാന രേഖകൾ എന്നിവയുൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കളാണ് മോഷണം പോയത്.
യുകെയിൽ താമസിക്കുന്ന ജോസും കുടുംബവും രണ്ട് മാസം മുമ്പാണ് നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം ഇവർ ബന്ധുവീട്ടിൽ പോയ തക്കം നോക്കിയായിരുന്നു മോഷണം. വീടിന്റെ മുൻവശത്തെ ഗേറ്റിന്റെ പൂട്ട് അറുത്തുമാറ്റിയ ശേഷം, പ്രധാന വാതിൽ കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകയറിയത്.
രാത്രിയിൽ വീട് നോക്കാൻ ഏൽപ്പിച്ച വ്യക്തി ലൈറ്റുകൾ ഓഫ് ചെയ്യാൻ എത്തിയപ്പോഴാണ് ഗേറ്റും മുൻവാതിലും തുറന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. സംശയം തോന്നി പരിശോധിച്ചപ്പോൾ അകത്തെ മുറികളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. ഉടൻ തന്നെ ഇവർ ബന്ധുക്കളെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.
















