തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാരനെതിരെയും കേസ്. എസ്എഫ്‌ഐക്കാരെ മര്‍ദിച്ചു എന്ന പരാതിയിലാണ് പൊലീസുകാരനെതിരെ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തത്. എ ആര്‍ ക്യാമ്പിലെ സിപിഒ മിഥുന്‍ റോയ്‌ക്കെതിരെയാണ് കേസ്. മിഥുന്‍ നല്‍കിയ പരാതിയില്‍ വഞ്ചിയൂര്‍ പൊലീസ് സുജിത്ത്, രേവന്ത് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. അതേസമയം, മെഡിക്കൽ അവധിയിലായിരുന്ന മിഥുൻ ഷോപ്പിങ് മാളിൽ പോയത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
തിരുവനന്തപുരം മാള്‍ ഓഫ് ട്രാവന്‍കൂറില്‍ ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഘര്‍ഷമുണ്ടായത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മാളിലേക്ക് കുടുംബത്തോടൊപ്പം മിഥുന്‍ എത്തിയപ്പോഴാണ് എസ്എഫ്‌ഐക്കാരുമായി സംഘര്‍ഷം ഉണ്ടായത്. മാളില്‍ നിന്നും ആരോ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
















