പ്രശസ്ത ചലച്ചിത്ര താരം പ്രേംകുമാർ കോൺഗ്രസിൽ ചേരാൻ ഒരുങ്ങുന്നതായും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായേക്കുമെന്നും റിപ്പോർട്ടുകൾ.
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കിയതിലുള്ള അതൃപ്തിയാണ് പ്രേംകുമാറിന്റെ രാഷ്ട്രീയ മാറ്റത്തിന് പിന്നിലെന്നാണ് സൂചന. കഴക്കൂട്ടം മണ്ഡലവുമായി പ്രേംകുമാറിനുള്ള കുടുംബപരമായ ബന്ധവും അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തിന് മുൻതൂക്കം നൽകുന്നു.
ഇന്നലെ പ്രേംകുമാറിനെ അനുനയിപ്പിക്കാൻ സി പി എം നേതാവ് കടകംപള്ളി സുരേന്ദ്രൻ നേരിട്ട് വീട്ടിലെത്തിയിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ എത്തിയിട്ടും പ്രേംകുമാറിനെ നേരിട്ട് കാണാൻ സാധിച്ചിരുന്നില്ല.
ചലച്ചിത്ര അക്കാദമിയിൽ നിന്ന് അപ്രതീക്ഷിതമായി നീക്കിയതിൽ തനിക്ക് നീതികേടാണ് ഉണ്ടായതെന്ന് പ്രേംകുമാർ നേരത്തെ വിമർശിച്ചിരുന്നു.
ഇടത് തുടർഭരണം പാടില്ലെന്ന പരസ്യവിമർശനം ഉന്നയിച്ച സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദനെ സ്ഥാനത്ത് നിന്ന് മാറ്റാത്തതിനെ തുടർന്നാണ് പ്രേംകുമാർ തന്നെ മാറ്റിയതിലെ അമർഷം പരസ്യമാക്കി രംഗത്തെത്തിയത്.















