നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, കുട്ടനാട് മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തെച്ചൊല്ലി മുന്നണികൾക്കുള്ളിൽ വൻ പ്രതിസന്ധി. കാലങ്ങളായി ഘടകകക്ഷികൾ കൈവശം വെച്ചിരിക്കുന്ന സീറ്റുകൾ ഇത്തവണ പ്രധാന കക്ഷികൾ തന്നെ ഏറ്റെടുക്കണമെന്ന മുറവിളി ശക്തമായതോടെ എൽ.ഡി.എഫിലും യു.ഡി.എഫിലും തർക്കം സങ്കീർണ്ണമായി തുടരുകയാണ്. വിജയസാധ്യത കണക്കിലെടുത്ത് പരീക്ഷണങ്ങൾക്ക് മുതിരാതെ ശക്തരായ സ്ഥാനാർഥികളെ തന്നെ കളത്തിലിറക്കണമെന്ന നിലപാടിലാണ് ഇരുമുന്നണികളിലെയും അണികൾ.
എൽ.ഡി.എഫിൽ നിലവിൽ എൻ.സി.പിയുടെ കൈവശമുള്ള സീറ്റിൽ ഇത്തവണ സി.പി.എം തന്നെ മത്സരിക്കണമെന്ന ആവശ്യമാണ് പ്രാദേശിക നേതൃത്വം ഉയർത്തുന്നത്. എൻ.സി.പിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും തോമസ് ചാണ്ടിയുടെ വിയോഗത്തിന് ശേഷമുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളും മണ്ഡലത്തിൽ പാർട്ടിയുടെ സ്വാധീനം കുറച്ചുവെന്നാണ് സി.പി.എം പ്രവർത്തകരുടെ വാദം. എന്നാൽ ഇടതുമുന്നണിയിലെ പ്രധാന ഘടകകക്ഷിയായ തങ്ങളുടെ ഏക സിറ്റിംഗ് സീറ്റ് വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് എൻ.സി.പി നേതൃത്വം.
യു.ഡി.എഫിലും സ്ഥിതി ഒട്ടും ഭിന്നമല്ല. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകി വരുന്ന ഈ സീറ്റ് കോൺഗ്രസ് നേരിട്ട് ഏറ്റെടുക്കണമെന്ന ആവശ്യം ഡി.സി.സി ശക്തമായി ഉന്നയിക്കുന്നുണ്ട്. കുട്ടനാട്ടിലെ കാർഷിക മേഖലയിലുണ്ടായ മാറ്റങ്ങളും കോൺഗ്രസിനുള്ളിലെ ഉണർവും അനുകൂലമാക്കാൻ ‘കൈപ്പത്തി’ അടയാളത്തിൽ തന്നെ സ്ഥാനാർഥി വരണമെന്നാണ് പ്രവർത്തകരുടെ വികാരം. എന്നാൽ സീറ്റ് വിഭജന ചർച്ചകളിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് കേരള കോൺഗ്രസ് വ്യക്തമാക്കിയതോടെ യു.ഡി.എഫ് നേതൃത്വവും സമ്മർദ്ദത്തിലായിരിക്കുകയാണ്.
















