മൈനാഗപ്പള്ളി അൻവർശേരിയിൽ വാടക വീട്ടിൽ താമസിച്ച് മാരക മയക്കുമരുന്നായ എംഡിഎംഎ വിൽപന നടത്തിവന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി വവ്വാകാവ് സ്വദേശിനിയും നിലവിൽ കടത്തൂർ കണ്ണമ്പള്ളി തെക്കതിൽ താമസക്കാരിയുമായ ഹസീന (34) ആണ് പിടിയിലായത്.
കൊല്ലം റൂറൽ ഡാൻസാഫ് (DANSAF) ടീമും ശാസ്താംകോട്ട പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്.
അൻവർശേരിയിലെ ഹസീനയുടെ വാടക വീട്ടിൽ മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നാണ് പോലീസ് സംഘം എത്തിയത്. പരിശോധനയിൽ വീടിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 21 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരിമരുന്നാണിത്.
പിടിക്കപ്പെട്ട മയക്കുമരുന്ന് ബാംഗ്ലൂരിൽ നിന്നും എത്തിച്ചതാണെന്ന് ചോദ്യം ചെയ്യലിൽ ഹസീന സമ്മതിച്ചു. ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വലിയൊരു ലഹരി ശൃംഖലയുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് പ്രാഥമിക നിഗമനം.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
















