യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. പൊതുവെ തെളിഞ്ഞ കാലാവസ്ഥയാണെങ്കിലും പുലർച്ചെ സമയങ്ങളിൽ കാഴ്ചപരിധി കുറയുന്ന രീതിയിൽ മൂടൽമഞ്ഞ് അനുഭവപ്പെടുമെന്നാണ് പ്രവചനം. ശനിയാഴ്ച മുതൽ ബുധനാഴ്ച വരെയുള്ള കാലാവസ്ഥാ വിശകലനത്തിലാണ് ഈ മുന്നറിയിപ്പുള്ളത്.
ശനി, ഞായർ ദിവസങ്ങളിൽ രാജ്യത്തുടനീളം തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. എന്നാൽ രാത്രികാലങ്ങളിൽ അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് ഗണ്യമായി വർധിക്കാൻ സാധ്യതയുണ്ട്. ഇത് ഞായറാഴ്ച പുലർച്ചെയോടെ തീരദേശങ്ങളിലും ഉൾനാടൻ മേഖലകളിലും കനത്ത മൂടൽമഞ്ഞ് രൂപപ്പെടാൻ കാരണമാകും.
















