തമിഴ് നടൻ വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും വിവാഹമോചനത്തിന് ഒരുങ്ങുന്നു എന്ന വാർത്ത ആരാധകരെയും സിനിമാ ലോകത്തെയും ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ഒരു നടിയുമായി വിജയ്ക്കുള്ള ബന്ധം ഉൾപ്പെടെ ആരോപിച്ചുകൊണ്ട് സംഗീതയാണ് വിവാഹമോചന ഹർജി ഫയൽ ചെയ്തത്. എന്നാൽ ഈ വിഷയം കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ വിജയ് ഇപ്പോൾ ശ്രമിക്കുന്നതായാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ട്.
2021-ന്റെ ആദ്യ മാസങ്ങൾ മുതൽ തന്നെ ഇവരുടെ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ തുടങ്ങിയിരുന്നുവെന്നാണ് വിവരം. സംഗീത പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആഗ്രഹിച്ചെങ്കിലും വിജയ് ആദ്യം അതിന് തയ്യാറായിരുന്നില്ല. തന്റെ രാഷ്ട്രീയ ഭാവി തകരുമെന്ന ഭയം കാരണമാണ് വിജയ് വിവാഹബന്ധം വേർപെടുത്താൻ വിസമ്മതിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അനുരഞ്ജന ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് സംഗീത കോടതിയെ സമീപിച്ചത്.
നിലവിലെ സാഹചര്യത്തിൽ സംഗീതയ്ക്കും മക്കളായ ജെയ്‌സൺ സഞ്ജയ്, ദിവ്യ സാഷ എന്നിവർക്കുമായി വിജയ് 250 കോടി രൂപയുടെ നഷ്ടപരിഹാരത്തുക വാഗ്ദാനം ചെയ്തതായാണ് വിവിധ തമിഴ്മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ എക്സിലും ചില വാർത്തകൾ പ്രചരിക്കുന്നുണ്ട്. കോടതി നടപടികളിലേക്ക് പോകാതെ പ്രശ്നം പരിഹരിക്കാൻ വിജയ് ഇതിനോടകം പലതവണ സംഗീതയുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്.
ഈ തുക എപ്രകാരമാണ് വിഭജിച്ചു നൽകുക എന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം വന്നിട്ടില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തന്റെ അവസാന ചിത്രമായ ‘ജന നായകൻ’ റിലീസിന് തയ്യാറെടുക്കുന്ന വേളയിലാണ് വിജയിയുടെ ജീവിതത്തിലെ ഈ നിർണ്ണായക സംഭവങ്ങൾ നടക്കുന്നത്.
















