മലയാളികള്‍ക്ക് സുപരിചിതനായ നടനും രാഷ്ട്രീയ പ്രവർത്തകനുമാണ് കൃഷ്ണ കുമാർ. സമൂഹത്തിലെ വിവിധ വിഷയങ്ങളിൽ തന്റേതായ നിലപാടുകൾ തുറന്നു പറയാൻ മടികാണിക്കാറില്ലാത്ത അദ്ദേഹം. മക്കളെ പോലെ സ്വന്തമായി യൂട്യൂബ് ചാനൽ അദ്ദേഹത്തിനും ഉണ്ട്. ഇപ്പോഴിതാ ബിജെപി ആണെങ്കിലും എല്ലാവരുമായി ഒത്തുപോകുന്ന ആളാണ് താനെന്ന് പറയുകയാണ് താരം. താൻ ബീഫ് കഴിക്കുമെന്നും കേരള സ്റ്റോറി ഇഷ്ടമുള്ളവർ കാണട്ടെ എന്നും അദ്ദേഹം പറഞ്ഞു. വെറൈറ്റി മീഡിയയോട് ആയിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
“ബിജെപി ആണെങ്കിലും ഞാൻ എല്ലാവരുമായി ഒത്ത് പോകുന്ന ആളാണ്. ബഷീർ തങ്ങളും ഞാനും അടുത്ത സുഹൃത്തുക്കളാണ്. ഞങ്ങൾ ഒരുമിച്ച് ബിസിനസ് ചെയ്തവരാണ്. പുള്ളിക്കുമില്ല പ്രശ്നം എനിക്കും ഇല്ല പ്രശ്നം. അദ്ദേഹം വന്നാൽ എന്റെ വീട്ടിൽ വരും. ആഹാരം കഴിക്കും. അദ്ദേഹത്തിന്റെ വീട്ടിൽ പോകുമ്പോൾ അവിടെന്ന് തരുന്ന ഭക്ഷണം ഞാനും കഴിക്കും. അടുത്ത ചോദ്യം എന്തെന്ന് അറിയാം..ബീഫ് കഴിക്കോ എന്നല്ലേ. ഞാൻ കഴിക്കും”, എന്നാണ് കൃഷ്ണ കുമാർ പറയുന്നത്.
“കേരള സ്റ്റോറി ഒരു സിനിമയായിട്ട് കാണൂ. ഏതും സിനിമയായിട്ട് കാണുക. ഇഷ്ടമുള്ളവർ കാണുക. ഇഷ്ടമില്ലെങ്കിൽ കാണണ്ട. ഞാനതെ പറയത്തുള്ളൂ. പ്രധാനമന്ത്രിയെ മോശമായി ചിത്രീകരിച്ചിട്ടുള്ളൊരു സിനിമ സെൻസർ ബോർഡ് അംഗീകരിച്ചിട്ടുണ്ടെങ്കിൽ ഇഷ്ടമുള്ളവർ പോയി കാണട്ടെ. കാണണ്ടാത്തവർ കാണണ്ട. സെൻസർ ബോർഡ് ഏത് സിനിമയെയും അംഗീകരിച്ച് കഴിഞ്ഞാൽ പോയി കാണണം. താല്പര്യമുണ്ടെങ്കിൽ. എമ്പുരാൻ ഇറങ്ങിയ സമയത്ത് ഇതുപോലെ വിവാദം ഉണ്ടായിരുന്നു. എനിക്ക് കാണാൻ ആഗ്രഹമില്ലായിരുന്നു ഞാൻ കണ്ടില്ല. അത് തടയണമെന്ന് ഞാൻ പറയാറില്ല. ആവിഷ്കാര സ്വാതന്ത്ര്യമാണ്”, എന്നും കൃഷ്ണ കുമാർ കൂട്ടിച്ചേർത്തു.
















