ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ആരോപണവിധേയനായ മുതിർന്ന നേതാവ് എ. പത്മകുമാറിനെ സി.പി.എമ്മിൽ നിന്ന് പുറത്താക്കാൻ നീക്കം തുടങ്ങുന്നതായി റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ നേതൃത്വം തപാലിലൂടെ അയച്ച വിശദീകരണ നോട്ടീസിന്, താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പാർട്ടിയുടെ അന്തസ്സ് കെടുത്തിയിട്ടില്ലെന്നും പത്മകുമാർ ദൂതൻ വഴി മറുപടി നൽകി.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം ഈ വിഷയം ആയുധമാക്കുമെന്ന് ഭയന്നാണ്, വൈകിയാണെങ്കിലും പത്മകുമാറിനെതിരെ കർശന നടപടിയെടുക്കാൻ പാർട്ടി നേതൃത്വം തയ്യാറെടുക്കുന്നത്.
നടപടി തീരുമാനിക്കുന്നതിനായി തിങ്കളാഴ്ച ചേരുന്ന നിർണ്ണായകമായ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ പങ്കെടുക്കും.
പത്തനംതിട്ടയിലെ സ്വാധീനമുള്ള ഒരു ഉന്നത വ്യക്തിയുടെ സമ്മർദ്ദവും പത്മകുമാറിനെതിരായ നീക്കത്തിന് പിന്നിലുണ്ടെന്നാണ് സൂചന. സ്വർണ്ണക്കൊള്ള കേസിൽ ജയിലിൽ പോയപ്പോഴും പിന്നീട് പുറത്തിറങ്ങിയപ്പോഴും പാർട്ടി ജില്ലാ കമ്മിറ്റി അംഗമായി തുടർന്ന പത്മകുമാറിനെതിരായ ഈ അച്ചടക്ക നടപടി സംസ്ഥാന സമിതിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് നടപ്പിലാക്കുന്നത്.
















