പഴമായി കഴിക്കാൻ മാത്രമല്ല, അച്ചാർ ഉണ്ടാക്കാനും കറിയുണ്ടാക്കാനുമെല്ലാം റമ്പൂട്ടാൻ പഴങ്ങൾ ഉപയോഗിക്കാം. പുറം തോടും ഉള്ളിലെ കുരുവും കളഞ്ഞെടുത്താൽ അച്ചാറിടാനുള്ള പാകത്തിനായി. എന്നാലിതാ റമ്പൂട്ടാൻ ഉപയോഗിച്ച് അച്ചാർ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
റംബൂട്ടാൻ
നല്ലെണ്ണ
കടുക്
ഉലുവ
വറ്റൽമുളക്
ഇഞ്ചി
വെളുത്തുള്ളി
പച്ചമുളുക്
കറിവേപ്പില
മുളകുപൊടി
മഞ്ഞൾപ്പൊടി
പഞ്ചസാര അല്ലെങ്കിൽ ശർക്കര
വിനാഗിരി
വെള്ളം
കായം
ഉപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വെച്ച് കാൽ കപ്പ് നല്ലെണ്ണയൊഴിച്ചു ചൂടാക്കി ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. അര ടീസ്പൂൺ ഉലുവ, കറിവേപ്പില എന്നിവ ചേർത്ത് വറുക്കുക.
ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞത് ഒന്നര ടേബിൾസ്പൂണും, രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർത്ത് വഴറ്റുക. ഒരു ടേബിൾസ്പൂൺ വറ്റൽമുളക് ചതച്ചതും, ഒന്നര ടേബിൾസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ ഉലുവ വറുത്ത് പൊടിച്ചത് എന്നിവ ചേർത്ത് നന്നായി ഇളക്കുക. കാൽ കപ്പ് വിനാഗിരിയും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക. മുക്കാൽ കപ്പ് വെള്ളവും, ഒപ്പം രണ്ട് നുള്ള് കായപ്പൊടിയും, ആവശ്യമെങ്കിൽ അര ടീസ്പൂൺ പഞ്ചസാരയോ ശർക്കരയോ ചേർത്ത് തിളപ്പിക്കുക.
തിളച്ചു വരുമ്പോൾ മുപ്പത് റംബൂട്ടാൻ അതിലേയ്ക്കു ചേർക്കുക. നന്നായി തിളപ്പിച്ച് അടുപ്പണച്ച് തണുക്കാൻ മാറ്റി വെയ്ക്കുക. ചൂടാറിയതിനു ശേഷം വൃത്തുള്ള പാത്രത്തിലെടുത്ത് അടച്ചു സൂക്ഷിക്കാം.
















