ചാരുംമൂട് രക്തസാക്ഷി ജി. ഭുവനേശ്വരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ ആഞ്ഞടിച്ച് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ.
ഭുവനേശ്വരനെ കൊലപ്പെടുത്തിയത് നായർ ഗുണ്ടകളാണെന്ന തരത്തിലുള്ള ആഖ്യാനങ്ങൾ ആര് നടത്തിയാലും അത് അംഗീകരിക്കാനാവില്ലെന്നും സത്യം മറച്ചുപിടിക്കാനുള്ള ഇത്തരം ശ്രമങ്ങളെ ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാവേലിക്കര നിയോജകമണ്ഡലം എൽഡിഎഫ് കൺവെൻഷൻ ചാരുംമൂട്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രപരമായ സത്യങ്ങളെ മായ്ച്ചുകളഞ്ഞ് പുതിയ കഥകൾ മെനയാനാണ് ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നതെന്ന് ആർ. നാസർ കുറ്റപ്പെടുത്തി. കെഎസ്‌യു, ഡിഎസ്‌യു പ്രവർത്തകരാണ് ഭുവനേശ്വരന്റെ കൊലപാതകത്തിന് പിന്നിലെന്നതാണ് യാഥാർത്ഥ്യം. ഈ സത്യം നിലനിൽക്കെ, ഇതിനെ വർഗീയമായോ മറ്റോ വ്യാഖ്യാനിച്ച് മാറ്റിയെഴുതാൻ ശ്രമിക്കുന്നത് രാഷ്ട്രീയമായ പാപ്പരത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രക്തസാക്ഷികളുടെ ചരിത്രം വരുംതലമുറയ്ക്ക് മുന്നിൽ കൃത്യമായി അവതരിപ്പിക്കേണ്ടത് പാർട്ടിയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
















