സോഷ്യൽ മീഡിയ താരങ്ങളായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ‘വാഴ 2: ബയോപിക് ഓഫ് ബില്യൺ ബ്രോസ്’. ഇപ്പോഴിതാ, ചിത്രം കണ്ട ശേഷം താരങ്ങളെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരിക്കുകയാണ് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ.
കുടുംബത്തോടൊപ്പമാണ് കെ.സി. തിയേറ്ററിലെത്തി സിനിമ കണ്ടത്. പിന്നാലെ, അഭിനേതാക്കളെ വീഡിയോകോളിൽ വിളിച്ച് കെ.സി. അഭിനന്ദിച്ചു. ഇതിന്റെ വീഡിയോ അദ്ദേഹം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു. ഭാര്യ ആശയും മകൾ പാർവതിയും ചിത്രം കാണാൻ കെ.സിക്കൊപ്പമുണ്ടായിരുന്നു. ‘വാഴ 2 കുടുംബത്തോടൊപ്പം കണ്ടു. ഇൻസ്റ്റഗ്രാം റീൽ താരങ്ങളായ ഹാഷിറും ടീമും മറ്റു അഭിനേതാക്കളും എത്ര മനോഹരമായാണ് അവരുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
സിനിമ കണ്ടതിനു പിന്നാലെ അഭിനേതാക്കളെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ഹാഷിർ, അലൻ, അജിൻ, വിനായക് എന്നിവർക്കും സംവിധാനം നിർവഹിച്ച സവിൻ എസ്.എക്കും രചന നിർവഹിച്ച വിപിൻ ദാസിനും അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ’, അദ്ദേഹം പങ്കുവെച്ച വീഡിയോയ്‌ക്കൊപ്പം കുറിച്ചു.
ടീമിനെ ഫോണിൽ വിളിച്ച അദ്ദേഹം, ‘ഹലോ, ഹാഷിർ’ എന്ന് വിളിച്ചാണ് സംസാരിച്ചുതുടങ്ങിയത്. സിനിമ കണ്ട് ഇറങ്ങിയതേയുള്ളൂവെന്ന് പറഞ്ഞ അദ്ദേഹം, തങ്ങൾ നടത്തുന്ന ആയിരം പ്രസംഗങ്ങളേക്കാൾ എഫക്ടീവാണ് ‘വാഴ 2’ എന്ന ഒറ്റച്ചിത്രമെന്ന് പറഞ്ഞു. ‘ബെസ്റ്റ് മൂവി. ഡ്രഗ്‌സിനെതിരായും പാരന്റ്‌സിനും ജെൻസിക്കും വേണ്ടിയുള്ള നല്ല സന്ദേശമാണ് ചിത്രം പറയുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം കറങ്ങുന്നതിന് പകരം ബിഗ്‌സ്‌ക്രീനിൽ വന്നതോടെ, നിങ്ങൾ ഒരു ചരിത്രം രചിച്ചുവെന്നാണ് എനിക്ക് തോന്നുന്നത്. എനിക്കും കുട്ടികൾക്കും വളരേ ഇഷ്ടപ്പെട്ടു’, അദ്ദേഹം പറഞ്ഞു.
തുടർന്ന് എന്തെങ്കിലും അനുഭവത്തിന്റെ വെളിച്ചത്തിലാണോ സിനിമയെന്ന കെ.സിയുടെ ചോദ്യത്തിന് പലരുടേയും അനുഭവങ്ങളാണ് എന്നായിരുന്നു ടീമിന്റെ മറുപടി. ‘നേരിട്ട് കാണണം, സിനിമയുടെ അനുഭവങ്ങൾ കേൾക്കാൻ താത്പര്യമുണ്ട്’, എന്ന് അദ്ദേഹം ടീമിനോട് പറഞ്ഞു.
തുടർന്ന് മകളേയും ഭാര്യയേയും ടീമിന് പരിചയപ്പെടുത്തി. ‘കൊള്ളാം അടിപൊളി സിനിമ’യെന്ന് മകൾ പറഞ്ഞു. ഭാര്യ നന്നായിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ, അധ്യാപികയായിരുന്നുവെന്നും അതിനാൽ ചിത്രം ബന്ധപ്പെടുത്താൻ കഴിയുമെന്നും കെ.സി. ഇടപെട്ടു. ഇനിയും നല്ല സിനിമകൾ വരട്ടേയെന്ന് ആശംസിച്ചാണ് വീഡിയോ കോൾ അവസാനിപ്പിച്ചത്.
പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചിത്രത്തിൽ ഹാഷിർ, അമീൻ തുടങ്ങിയ ഒരുപറ്റം യുവതാരങ്ങൾക്കൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്, ഷൈൻ സ്ക്രീൻസ് എന്നീ ബാനറുകളിൽ വിപിൻ ദാസ്, ഹാരിസ് ദേശം, സാഹു ഗാരപാട്ടി, പി.ബി. അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
















