പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും തമ്മിൽ പ്രണയത്തിലാണെന്നും ഇരുവരും വിവാഹിതരാകാൻ പോകുന്നുവെന്നുമുള്ള ചർച്ചകൾ തുടങ്ങിയിട്ട് ഏറെ നാളായി. ഇപ്പോഴിതാ ഇത്തരം ചർച്ചകൾക്ക് വീണ്ടും വിരാമമിട്ട് രംഗത്ത് വന്നിരിക്കുകയാണ് നടിയും കല്യാണിയുടെ അമ്മയുമായ ലിസി ലക്ഷ്മി. വിഷുദിനത്തിൽ ലിസി പങ്കുവച്ച ആശംസ പോസ്റ്റിന് താഴെ വന്ന ഒരു ആരാധകന്റെ കമന്റിനാണ് താരം നേരിട്ട് മറുപടി കൊടുത്തത്.
‘‘എല്ലാവർക്കും സമൃദ്ധിയും ഐശ്വര്യവും ആരോഗ്യവും സന്തോഷവും നിറഞ്ഞ ഒരു വിഷു ആശംസിക്കുന്നു! ഏവർക്കും ഐശ്വര്യപൂർണ്ണമായ ഒരു പുതുവത്സരം ആശംസിക്കുന്നു’’ എന്നായിരുന്നു ലിസിയുടെ വിഷു പോസ്റ്റ്. ഇതിന് താഴെയാണ് കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു എന്ന് ഒരു ആരാധകൻ കമന്റ് ചെയ്തത്. എന്നാൽ ഒട്ടും വൈകാതെ തന്നെ ‘‘ഇതൊരു തെറ്റായ വാർത്തയാണ്’’ എന്ന് ലിസി മറുപടി നൽകി. അനാവശ്യ ചോദ്യം ഉന്നയിച്ച ആളെ പരിഹസിച്ചുകൊണ്ട് നിരവധി പേർ ലിസിയുടെ മറുപടിക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.
പ്രണവും കല്യാണിയും തമ്മിൽ കുട്ടിക്കാലം മുതലുള്ള സൗഹൃദം മാത്രമേയുള്ളൂ എന്ന് സംവിധായകൻ ആലപ്പി അഷറഫ് മുൻപ് വെളിപ്പെടുത്തിയത് ഈ സാഹചര്യത്തിൽ വീണ്ടും ശ്രദ്ധേയമാവുകയാണ്. ലിസിയുമായി നടത്തിയ സംഭാഷണത്തെക്കുറിച്ച് അദ്ദേഹം അന്ന് പറഞ്ഞത് ഇങ്ങനെ:
‘‘ഒരു വിഭാഗം ആൾക്കാർക്ക് അറിയേണ്ടത് കല്യാണിയെ മോഹൻലാലിന്റെ മകൻ പ്രണവ് വിവാഹം കഴിക്കുമോ എന്നാണ്. അത് പലരും ആഗ്രഹിക്കുന്നു ഉണ്ടാകാം പലരും വിശ്വസിക്കുന്നു ഉണ്ടാകാം. ഞാൻ ആ വിവരം ലിസിയോട് തുറന്നു ചോദിച്ചു. ലിസി പറയുന്നു, അഷ്റഫ്ക്ക അങ്ങനെ അവർക്ക് ഒരു ആഗ്രഹം ഉണ്ടെങ്കിൽ രണ്ടു വീട്ടുകാർക്കും സന്തോഷമുള്ള ഒരു കാര്യമല്ലേ. അവർ തമ്മിൽ അങ്ങനെ ഒരു റിലേഷൻഷിപ്പ് ഇല്ല. ബ്രദർ–സിസ്റ്റർ ബന്ധമാണ് കുഞ്ഞുനാൾ മുതലുള്ളത്. അപ്പു അവരുടെയൊക്കെ ഒരു ഹീറോ പോലെയാണ്. അപ്പു മരം കയറും മതിൽ ചാടും അങ്ങനെ കുട്ടികളുടെയൊക്കെ ഹീറോ. കല്യാണിക്ക് ഇതുവരെ ആരുമായും ഒരു പ്രണയവുമില്ല. അതെനിക്ക് ഉറപ്പാണെന്നും ലിസി പറയുന്നു.’’ ആലപ്പി അഷറഫ് തന്റെ വിഡിയോയിൽ പറഞ്ഞത് ഇങ്ങനെയാണ്.
തങ്ങൾ നല്ല സുഹൃത്തുക്കളാണെന്ന് പ്രണവും കല്യാണിയും നേരത്തെ തന്നെ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. ‘ഹൃദയം’, ‘വർഷങ്ങൾക്ക് ശേഷം’ തുടങ്ങിയ സിനിമകളിലെ ഇവരുടെ ഓൺസ്ക്രീൻ കെമിസ്ട്രി കണ്ട് ആരാധകർക്കിടയിൽ രൂപപ്പെട്ട സങ്കൽപ്പങ്ങൾക്കാണ് ലിസി ഇപ്പോൾ വീണ്ടും വ്യക്തത വരുത്തിയിരിക്കുന്നത്.
















