വിഷു ദിനത്തിൽ തയ്യാറാക്കിയ വിവാദ പരസ്യത്തിന്റെ പേരിൽ ചേർത്തലയിലെ മെഹർ മന്തി റസ്റ്റോറന്റ് ഉടമ അറസ്റ്റിൽ. ഹോട്ടൽ ഉടമകളിലൊരാളായ അർഷാദിനെയാണ് ചേർത്തല പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീകൃഷ്ണന്റെ ചിത്രത്തിന് മുന്നിൽ കുഴിമന്തി വെച്ചുകൊണ്ടുള്ള ഡിജിറ്റൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതാണ് നടപടിക്ക് ആധാരമായത്.
കലാപമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനപ്പൂർവ്വം പ്രകോപനം സൃഷ്ടിച്ചു എന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിത (BNS) 192-ാം വകുപ്പ് പ്രകാരമാണ് അറസ്റ്റ്. ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. തണ്ണീർമുക്കം സ്വദേശിയായ അഭിഭാഷകൻ നൽകിയ പരാതിയിലാണ് പോലീസ് ദ്രുതഗതിയിൽ നടപടിയെടുത്തത്.
അതേസമയം, പോസ്റ്റർ തയാറാക്കിയത് ബോധപൂർവ്വമല്ലെന്നും സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന ഫ്രീലാൻസറെ ഏൽപ്പിച്ച ജോലിയിൽ സംഭവിച്ച പിഴവാണെന്നുമാണ് ഹോട്ടൽ അധികൃതരുടെ വിശദീകരണം. സംഭവം വിവാദമായതോടെ പോസ്റ്റർ നീക്കം ചെയ്യുകയും മാപ്പ് അപേക്ഷിക്കുകയും ചെയ്തിരുന്നു. എങ്കിലും ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം ശക്തമായതോടെ പോലീസ് കേസുമായി മുന്നോട്ട് പോവുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് വി.എച്ച്.പിയുടെ നേതൃത്വത്തിൽ ഹോട്ടലിന് മുന്നിൽ പ്രതിഷേധ പരിപാടികളും പ്രഖ്യാപിച്ചിട്ടുണ്ട്.
















