തെന്നിന്ത്യൻ താരം വിജയ് ദേവരകൊണ്ടയും സംവിധായകൻ ശൗരുവും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വമ്പൻ അവതാരത്തിലാണ് വിജയ് ദേവരകൊണ്ട ചിത്രത്തിൽ എത്തുന്നത്. പോസ്റ്ററിൽ വിജയ് ദേവരകൊണ്ട നാലുനായകളെ മെറ്റൽ ചെയിനുകളിൽ പിടിച്ച് മുന്നോട്ട് നടക്കുന്നതായി കാണാൻ സാധിക്കും.
അദ്ദേഹത്തിന്റെ പിന്നിൽ ആറേഴുപേർ പേർ കൂടിയുണ്ട്. ഇവർ സാധാരണ ആളുകൾ അല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്രിയേറ്റീവും സാങ്കേതികവുമായ മികവുകൾ ഒന്നിച്ചുകൂടിയ ‘ഡ്രീം കളക്ടീവ്’ ആണ്. സിനിമയിൽ ഇവർ ഓരോരുത്തരും നിർണായക പങ്കുവഹിക്കും. അവരോരുത്തരും ചിത്രത്തിൽ ശക്തമായ സാന്നിധ്യങ്ങളാണ്.
ടീം പുറത്തിറക്കിയ ‘അത് ഒരു ഗർജ്ജനമാണ്’ എന്ന തീം ഗാനം ജീവിതത്തിലെ വെല്ലുവിളികളെ നേരിടുന്ന മനുഷ്യന്റെ ആത്മവിശ്വാസവും അതിജീവനശേഷിയും അവതരിപ്പിക്കുന്നു. വേദനയും പരാജയങ്ങളും ഉണ്ടായാലും മുന്നോട്ട് പോകാനുള്ള മനസ് തന്നെയാണ് യഥാർഥ ശക്തിയെന്ന് ഗാനം പറയുന്നു.
‘ഹൗസ് ഓഫ് ദി ഡ്രാഗൺ’, ‘ഫാൾ ഔട്ട്’ പോലുള്ള അന്താരാഷ്ട്ര പ്രൊഡക്ഷനുകളിൽ പ്രവർത്തിച്ച അലെജാന്ദ്രോ മാർട്ടിനസ് ആണ് ചിത്രത്തിന്റ ഛായാഗ്രഹണം നിർവഹിക്കുന്നത്. ‘അനിമൽ’, ‘ഓം ശാന്തി ഓം’ എന്നിവയിലെ ഭംഗിയാർന്ന ലോകങ്ങൾ സൃഷ്ടിച്ച സുരേഷ് സെൽവരാജ് ആണ് ആർട്ട് ഡയറക്ഷൻ. ‘ഗോഡ്‌സ് ഓഫ് ഈജിപ്റ്റ്’, ‘ബാറ്റ്മാൻ ഫോറെവർ’, ‘സ്‌നോ പിയേഴ്‌സർ’ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ എറിക് ഡർസ്റ്റ് ആണ് വിഷ്വൽ എഫക്ട്‌സ് കൈകാര്യം ചെയ്യുന്നത്. മലയാളിയായ ഹിഷാം അബ്ദുൽ വഹാബ് ആണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. പ്രവീൺ ആന്റണി എഡിറ്റിങ്ങും സച്ചിൻ ലോവലേക്കർ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. പ്രതീഷ് ശേഖർ ആണ് പിആർഒ.
ഓരോ ചിത്രത്തിലൂടെയും സ്വയം പുതുക്കിക്കൊണ്ടിരിക്കുന്ന, വെല്ലുവിളികളെ സ്വീകരിക്കുന്ന നടനാണ് വിജയ് ദേവരകൊണ്ട. ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ മറ്റൊരു വലിയ മാറ്റമായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.
ആദ്യ ചിത്രം ‘ഹി നാനാ’ വഴി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ശൗരു ഇപ്പോൾ കൂടുതൽ വലുതും ആഴമുള്ളതുമായ കഥയിലേക്ക് കടക്കുകയാണ്. മുൻ ചിത്രത്തിൽനിന്ന് പൂർണ്ണമായും വ്യത്യസ്തമായ പ്രൊജക്റ്റ്, അതിരുകൾ കടന്നുപോകുന്ന കഥപറച്ചിലിനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം വ്യക്തമാക്കുന്നു.
















