ഫ്രഞ്ച് നടി നഥാലി ബേ അന്തരിച്ചു. 77 വയസ്സായിരുന്നു. ലെവി ബോഡി ഡിമൻഷ്യ എന്ന അസുഖത്തോട് ഏറെനാളായി മല്ലിടുകയായിരുന്നു. വെള്ളിയാഴ്ച പാരീസിലായിരുന്നു അന്ത്യം. 2002-ൽ പുറത്തിറങ്ങിയ ‘കാച്ച് മി ഇഫ് യു കാൻ’ എന്ന ചിത്രത്തിലെ ലിയാനാർഡോ ഡികാപ്രിയോ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അമ്മ വേഷത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് നഥാലി ബേ. ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് ഏറെക്കാലമായി പൊതുയിടങ്ങളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു.
1984 ജൂലായ് ആറിന് നോർമാൻഡിയിലായിരുന്നു നടിയുടെ ജനനം. അഭിനയത്തിന് മുമ്പ് നൃത്തകല അഭ്യസിച്ചിരുന്നു. 1973-ലെ ഡേ ഫോർ നൈറ്റ് എന്ന ചിത്രത്തിലൂടേയാണ് ശ്രദ്ധേയയായത്. അഞ്ചുപതിറ്റാണ്ട് നീണ്ടുനിന്ന സിനിമാ ജീവിതത്തിനിടെ 80-ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 10 തവണ സീസർ അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടു, നാലുതവണ പുരസ്കാരം നേടി.
2015-ൽ മകൾ ലോറ സ്‌മെറ്റിനൊപ്പം ‘കോൾ മൈ ഏജന്റ്’ എന്ന പരമ്പരയിൽ വേഷമിട്ടു. 2022-ൽ പുറത്തിറങ്ങിയ ‘ഡൗൺടൗൺ ആബ്ബി: എ ന്യൂ ഇറ’ ആണ് അവസാന ചിത്രം. നടിയുടെ വിയോഗത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മക്രോൺ ഉൾപ്പെടെ അനുശോചിച്ചു.
















