സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. മലയാളത്തിന്റെ ബിഗ് എംസ് ആയ മമ്മൂട്ടിയും മോഹന്‍ലാലും ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നയന്‍താര തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മഹേഷ് നാരായണ്‍ ആണ് ചിത്രത്തിന്റെ സംവിധാനം.
പേട്രിയറ്റിന്റെ പ്രൊമോഷന്റെ ഭാഗമായി താരങ്ങളെല്ലാം ഒരുമിച്ചെത്തിയ ചാറ്റ് ഷോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. പ്രകാശ് വര്‍മയാണ് മമ്മൂട്ടി, മോഹന്‍ലാല്‍, ഫഫദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, സുഷിന്‍ ശ്യാം തുടങ്ങിവര്‍ക്കൊപ്പമുള്ള ചാറ്റ് ഷോയുടെ സംവിധാനം. പ്രകാശ് വര്‍മയാണ് അവതാരകനും.
ചാറ്റ് ഷോയ്ക്കിടെ മമ്മൂട്ടി മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞ ഭാഗം വൈറലായി മാറിയിരിക്കുകയാണ്. ”ഇതിന്റെ കഥ മഹേഷ് എന്നോടാണ് ആദ്യം പറഞ്ഞത്. കേട്ടപ്പോള്‍ തന്നെ ഇതൊരു വലിയ സിനിമയാണെന്നും അത് അനുസരിച്ച് ബജറ്റും സ്റ്റാര്‍ കാസ്റ്റും വേണമെന്ന് മനസിലായി. വലിയൊരു സിനിമയായതിനാല്‍ നാഷണല്‍ റീച്ച് കിട്ടാന്‍ പുറത്ത് നിന്ന് ആരെയെങ്കിലും കാസ്റ്റ് ചെയ്താലോ എന്ന് മഹേഷ് ചോദിച്ചു. എന്തിനാ പുറത്ത് നിന്ന് ഒരാള്‍, ഇവിടെ തന്നെ നമുക്ക് ഒരാളുണ്ടല്ലോ എന്ന് ഞാന്‍ ചോദിച്ചു” എന്നാണ് മമ്മൂട്ടി പറയുന്നത്.
മോഹന്‍ലാല്‍ പേട്രിയറ്റിലേക്ക് വന്നതിനെക്കുറിച്ചുള്ള മമ്മൂട്ടിയുടെ വാക്കുകള്‍ ആഘോഷമാക്കിയിരിക്കുകയാണ്. പരസ്പരം ഇതുപോലെ ബഹുമാനിക്കുകയും ഹൈപ്പ് നല്‍കുകയും ചെയ്യുന്ന മമ്മൂട്ടിയും മോഹന്‍ലാലും മറ്റ് ഇന്‍ഡസ്ട്രികള്‍ക്കും മാതൃകയാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. അതേസമയം ചിത്രത്തിലെ നായകന്മാര്‍ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ആണെന്നും തനിക്കും ലാലിനും കുറച്ചേ സീനുള്ളൂവെന്നും മമ്മൂട്ടി പറയുന്നുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് അഭിനയിക്കുന്ന 56-ാമത്തെ ചിത്രമാണ് പേട്രിയറ്റ്. മെയ് ഒന്നിനാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുക.
















