സമുദ്ര വിഷവസ്തുക്കള്‍ (ബയോടോക്‌സിനുകള്‍) സ്വാഭാവികമായി ഉണ്ടാകുന്ന വിഷവസ്തുക്കളാണ്. ഇവ പ്രധാനമായും വിഷ ആല്‍ഗകള്‍ പോലുള്ള ചിലതരം സമുദ്രജീവികള്‍ മൂലമാണ് ഉണ്ടാകുന്നത്. കൂടാതെ ബാക്ടീരിയകളും ഇവയ്ക്ക് കാരണമാകുന്നു. ഈ വിഷവസ്തുക്കള്‍ മത്സ്യങ്ങളിലും കക്കയിറച്ചിയിലും അടിഞ്ഞുകൂടുകയും, വൈവിധ്യമാര്‍ന്ന ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
ഇവ അകത്തു ചെന്നാല്‍ ഞരമ്പുകളെയും കുടലുകളെയും മറ്റ് അവയവങ്ങളെയും ബാധിക്കും. ഇത്തരം വിഷവസ്തുക്കള്‍ക്ക് രുചിയോ മണമോ ഇല്ല. ഇവയെ പാചകം ചെയ്യുന്നതിലൂടെയോ ഫ്രീസറില്‍ വയ്ക്കുന്നതിലൂടെയോ ഇല്ലാതാക്കാനും കഴിയില്ല. മത്സ്യങ്ങളുടെ കരള്‍, കുടല്‍, തല തുടങ്ങിയ ഭാഗങ്ങളില്‍ ഉയര്‍ന്ന അളവില്‍ ഇത്തരം ടോക്‌സിനുകളുണ്ടാകാന്‍ സാധ്യതയുണ്ട്. അതായത്, ശരിയായി പാകം ചെയ്ത കക്കയിറച്ചിയോ മത്സ്യമോ പോലും മലിനമായ വെള്ളത്തില്‍ നിന്ന് ശേഖരിച്ചതാണെങ്കില്‍ വിഷബാധയ്ക്ക് കാരണമാകും.ചൂടുകാലങ്ങളില്‍ ഇത്തരം മറൈന്‍ ടോക്‌സിനുകള്‍ മത്സ്യങ്ങളില്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്.
















