സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കെഎസ്ഇബി. പീക്ക് സമയത്തെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. ‘പീക്ക് ലോഡ് മാനേജ്‌മെന്റ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ വൈദ്യുതി വിതരണം സുഗമമാക്കുകയാണ് ബോർഡ് ലക്ഷ്യമിടുന്നത്.
നിയന്ത്രണം ഏർപ്പെടുത്തുന്ന മേഖലകളിലെ ഉപഭോക്താക്കൾക്ക് എസ്എംഎസ് വഴി മുൻകൂട്ടി വിവരം നൽകും. അപ്രതീക്ഷിതമായി വൈദ്യുതി തടസ്സപ്പെടുന്നത് ഒഴിവാക്കാനും ജനങ്ങൾക്ക് മുൻകരുതൽ എടുക്കാനും ഇതിലൂടെ സാധിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈകുന്നേരം 6 മണി മുതൽ രാത്രി 11 മണി വരെയുള്ള സമയത്താണ് പീക്ക് ലോഡ് മാനേജ്‌മെന്റ് പ്രധാനമായും നടപ്പിലാക്കുന്നത്.
വൈദ്യുതിയുടെ അമിത ഉപയോഗം കാരണം പലയിടങ്ങളിലും വോൾട്ടേജ് കുറയുന്നതായി പരാതിയുണ്ട്. ശൃംഖലാ പുനഃക്രമീകരണത്തിലൂടെയും പീക്ക് സമയത്തെ ലോഡ് കുറച്ചും ഈ ബുദ്ധിമുട്ട് പരിഹരിക്കാനാണ് വകുപ്പിന്റെ ശ്രമം. അനാവശ്യമായ വൈദ്യുതി ഉപയോഗം ഒഴിവാക്കി ഈ പ്രതിസന്ധിഘട്ടത്തിൽ സഹകരിക്കണമെന്ന് കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.
















