തിരുവനന്തപുരം സെന്‍ട്രലില്‍ കഴിഞ്ഞ ദിവസം നടന്ന എസ്‌കലേറ്റര്‍ അപകടം അശ്രദ്ധയുടെ ഭാഗമാണെന്ന് യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് ആരോപിച്ചു. സംഭവം ആദ്യത്തേത് അല്ലെന്നും ഇതിനു മുമ്പും ഇതേ അനുഭവം ഉണ്ടായപ്പോള്‍ പ്ലാറ്റ് ഫോമില്‍ പ്രവര്‍ത്തിക്കുന്ന റെയില്‍വേ പോലീസ് എയ്ഡ് പോസ്റ്റില്‍ യാത്രക്കാര്‍ പരാതി പറഞ്ഞിരുന്നുവെന്നും ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് സെക്രട്ടറി ലിയോണ്‍സ് പറഞ്ഞു. എസ്‌കലേറ്റര്‍ പിന്നോട്ട് വന്നതിനെക്കുറിച്ച് അറിയിച്ചപ്പോള്‍ ബന്ധപ്പെട്ടവരെ അറിയിക്കാം എന്നതായിരുന്നു യാത്രക്കാര്‍ക്ക് ലഭിച്ച മറുപടി.
എന്നാല്‍, എസ്‌കലേറ്റര്‍ വളരെ വേഗത്തില്‍ കഴിഞ്ഞ ദിവസങ്ങളിലും പിന്നോട്ട് സഞ്ചരിക്കുകയായിരുന്നു. മുകളില്‍ നിന്ന് യാത്രക്കാര്‍ തെറിച്ച് വീണിട്ടും റെയില്‍വേ സംഭവത്തെ നിസ്സാരവത്കരിക്കാന്‍ ശ്രമിക്കുകയാണ്. മുടിയൊ, വസ്ത്രമോ യന്ത്രഗോവണിയില്‍ കുടുങ്ങിയിരുന്നെങ്കില്‍ വലിയ ദുരന്തത്തിന് സാക്ഷിയാകേണ്ടി വന്നേനെ. ദുരന്തമുഖത്ത് നിന്നും റെയില്‍വേ കയ്യോയൊഴിയുന്നത് ഇതാദ്യമല്ല, തൃശൂര്‍ പാര്‍ക്കിംഗില്‍ പണമടച്ച് പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ കത്തി നശിച്ചിട്ടും നടപടികള്‍ സ്വീകരിക്കാതെ റെയില്‍വേ ഒഴിഞ്ഞു മാറുകയാണ് ചെയ്തത്.
റെയില്‍വേ വേണ്ടത്ര സുരക്ഷാസംവിധാനങ്ങളില്ലാതെയാണ് പല സ്റ്റേഷനിലും അറ്റകുറ്റപണികള്‍ നടത്തുന്നത്. കൊല്ലത്ത് പണിക്കിടെ ഷീറ്റ് വീണ് അപകടം സംഭവിച്ചത് മാസങ്ങള്‍ക്ക് മുമ്പാണ്. നിര്‍മ്മാണ കാരാറുകാരുടെ മേല്‍ യാതൊരു നിയന്ത്രണവും റെയില്‍വേയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. പ്ലാറ്റ് ഫോമില്‍ പലയിടത്തും കുഴികളെടുക്കുന്നത് സമയബന്ധിതമായി പൂര്‍ത്തിയാക്കാനോ, സംരക്ഷണഭിത്തി തീര്‍ക്കാനോ വേണ്ട നിര്‍ദേശം നല്‍കുന്നില്ല. യാത്രക്കാര്‍ സ്വന്തം സുരക്ഷിതത്വം സ്വന്തം ഉത്തരവാദിത്തമായി കാണേണ്ട സാഹചര്യമാണ്.
ചെറിയ അപകടങ്ങള്‍ പലതും പുറത്തറിയാതെ പോകുമ്പോള്‍ റെയില്‍വേ വലിയ ദുരന്തങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. അപകടങ്ങള്‍ ഉണ്ടായ ശേഷം നടപടികള്‍ക്കു കാത്തിരിക്കാതെ യാത്രക്കാരുടെ സുരക്ഷക്ക് മുന്‍കരുതല്‍ കൊടുത്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ റെയില്‍വേയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ഫ്രണ്ടസ് ഓണ്‍ റെയില്‍ ആവശ്യപ്പെട്ടു.
















