അന്തരിച്ച ബോളിവുഡ് താരം ഇർഫാൻ ഖാന്റെ മകൻ ബബിൽ ഖാൻ മലയാളത്തിലേക്ക് ചുവടുവെയ്ക്കുന്നു. ബാബു ജനാർദ്ദനൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ആണ് ബബിൽ ഖാൻ നായകനായി എത്തുന്നത്. അനിൽകുമാർ ശിവദാസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ പൂജയും ടൈറ്റിൽ ലോഞ്ചും മെയ് ഒമ്പത് ശനിയാഴ്ച്ച കൊച്ചിയിൽ നടക്കും.
തൊണ്ണൂറുകളിൽ കേരളത്തിലേക്കു കുടിയേറിത്തുടങ്ങിയ ഭായിമാർ പിന്നീട് വലിയതോതിൽ കേരളത്തിലെത്തി. ഇതര സംസ്ഥാന തൊഴിലാളികൾ എന്നു വിളിച്ചു വരുന്ന ഇവർ ഇന്ന് നമ്മുടെ നാടിന്റെ നിർണ്ണായകമായ ഭാഗമാണ്. ഇവരുടെ ജീവിതത്തെ കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം. ഇവർക്കിടയിലെ നാലു സുഹൃത്തുക്കളുടെ രസകരവും ഒപ്പം ജീവിതഗന്ധിയായ മുഹൂർത്തങ്ങളിലൂടെ ക്ലീൻ എന്റർടെയ്നറായി അവതരിപ്പിക്കുന്നതാണ് ചിത്രം.
അപർണ്ണാ ബാലമുരളിയും അത്മീയയുമാണ് നായികാനിരയിലുള്ളത്. ദീപക് പറമ്പോൾ, ജഗദീഷ്, സുധീർ കരമന, ജോണി ആന്റണി, ദിനേശ് പ്രഭാകർ, ഉണ്ണിരാജാ, ജയശങ്കർ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു സംഗീതം – നന്ദഗോപൻ. വി, ഛായാഗ്രഹണം ഫാസിൽ നാസർ, എഡിറ്റിങ്- സൂരജ് ഇ.എസ്., കലാസംവിധാനം – വിനോദ് പട്ടണക്കാടൻ, മേക്കപ്പ് – റഷീദ് അഹമ്മദ്, ചീഫ് അസ്സോസ്സിയേറ്റ്, ഡയറക്ടർ- സക്കീർ ഹുസൈൻ, ഡിസൈൻ-തോട്ട് സ്റ്റേഷൻ, പ്രൊജക്റ്റ് ഡിസൈൻ- ഷംനാസ് എം. അഷ്റഫ്, പ്രൊഡക്‌ഷൻ കൺട്രോളർ-ജോൺ കുടിയാൻമല. മെയ് പത്തൊമ്പതിന് ജാർ ഖന്ധിലെ സിലിഗുരിയിൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തുടർന്ന് കേരളത്തിലേക്കു ഷിഫ്റ്റ് ചെയ്യപ്പെടും. പെരുമ്പാവൂർ കൊച്ചി ഭാഗങ്ങളിലായാണ് കേരളത്തിലെ ചിത്രീകരണം.
















