കമൽ സംവിധാനം ചെയ്ത് 2007-ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ഗോൾ’. സിനിമയിലെ രോഹൻ എന്ന കഥാപാത്രത്തിന്റെ അനിയനായ രാഹുൽ ആയി എത്തിയ താരത്തെ മലയാളികൾക്ക് അത്രവേഗം മറക്കാൻ സാധിക്കില്ല. ശിവ റായ്ചന്ദാനി ആണ് ആ വേഷം മനോഹരമായി അവതരിപ്പിച്ചത്.

മലയാളത്തിൽ ആ കഥാപാത്രത്തിന് വേണ്ടി ശബ്ദം നൽകിയത് നടൻ ഗണപതിയായിരുന്നു. ‘ഗോൾ’ എന്ന സിനിമയ്ക്ക് ശേഷം പിന്നീട് മലയാള സിനിമകളിൽ ശിവയെ കണ്ടില്ലെങ്കിലും, ഇന്ന് രാജ്യാന്തര തലത്തിൽ ശ്രദ്ധേയനായ ഒരു സംവിധായകനും നടനും എഴുത്തുകാരനുമായി ശിവ വളർന്നു കഴിഞ്ഞു. റസീലിൻയൻസ് ലിമിറ്റഡ് എന്നൊരു നിർമാണക്കമ്പനിയും സ്വന്തമായുണ്ട്.

താൻ ഒരു നോൺ-ബൈനറി വ്യക്തിത്വമാണെന്ന് തുറന്നുപറഞ്ഞ ശിവ, ലിംഗസമത്വത്തെയും ക്വീർ സമൂഹത്തിന്റെ അവകാശങ്ങളെയും മുൻനിർത്തി നടത്തുന്ന പ്രവർത്തനങ്ങൾ ആഗോളതലത്തിൽ വലിയ അംഗീകാരങ്ങളാണ് നേടിക്കൊടുക്കുന്നത്. ശിവ സംവിധാനം ചെയ്ത ‘ക്വീർ പരിവാർ’ എന്ന ചിത്രം ഐറിസ് പ്രൈസ് നേടുകയും ബ്രിട്ടിഷ് അക്കാദമി ഫിലിം അവാർഡ്‌സിന് യോഗ്യത നേടുകയും ചെയ്തിട്ടുണ്ട്. കൂടാതെ ‘ഓൾവേയ്സ് ആസിഫ’ എന്ന ഡോക്യുമെന്ററിക്ക് ബാഫ്റ്റ നോമിനേഷൻ ലഭിച്ചതും വലിയൊരു നേട്ടമായി കണക്കാക്കപ്പെടുന്നു.
ബോളിവുഡ് നൃത്തത്തെയും കഥപറച്ചിലിനെയും ലിംഗസമത്വത്തിന്റെ പുതിയ തലങ്ങളിലേക്ക് എത്തിച്ച ശിവ, ‘ബ്രിട്ടൻസ് ഗോട്ട് ടാലന്റ്’ ഷോയുടെ സെമി ഫൈനലിലും എത്തിയിരുന്നു. കലയിലൂടെ സാമൂഹിക മാറ്റങ്ങൾക്കായി നിലകൊള്ളുന്ന ശിവയെ ബ്രിട്ടനിലെ ഏറ്റവും പ്രഗത്ഭരായ 10 യുവ കലാകാരന്മാരിൽ ഒരാളായാണ് ആറ്റിറ്റ്യൂഡ് മാഗസിൻ തിരഞ്ഞെടുത്തത്.
2021ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ‘എറ്റേർണൽസി’ലും ചെറിയൊരു വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മലയാള സിനിമയിൽ നിന്ന് തുടങ്ങിയ ആ യാത്ര ഇന്ന് ലോകസിനിമയുടെ വലിയ വേദികളിൽ എത്തിനിൽക്കുന്നത് ഓരോ സിനിമാപ്രേമിക്കും അഭിമാനകരമായ കാര്യമാണ്.
















