തെലുങ്ക് നടൻ കെ. ഭരത് കാന്ത് വാഹനാപകടത്തിൽ മരിച്ചു. 31വയസ്സായിരുന്നു. ആദിബട്‌ലയ്ക്കടുത്ത് ഔട്ടർ റിങ് റോഡിൽ ഞായറാഴ്ച ഉണ്ടായ അപകടത്തിലാണ് നടൻ മരിച്ചത്. ഒപ്പമുണ്ടായിരുന്നയാൾക്കും ജീവൻ നഷ്ടമായി. ജി. സായ് ത്രിലോക് (31) ആണ് മരിച്ച രണ്ടാമൻ. ഇരുവരും ആന്ധ്രാപ്രദേശിലെ നെല്ലൂർ സ്വദേശികളാണ്.
ഭരത് കാന്ത് ഓടിച്ച കാറിലായിരുന്നു ഇരുവരും സഞ്ചരിച്ചത്. നിയന്ത്രണം വിട്ട കാർ മുന്നിൽ സഞ്ചരിക്കുകയായിരുന്ന കണ്ടെയ്‌നർ ലോറിയിലേക്ക് ഇടിച്ചുകയറി. കാർ പൂർണ്ണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ കണ്ടെയ്‌നറിന്റെ പിൻഭാഗത്തെ ചക്രങ്ങൾ വേർപ്പെട്ടുപോയി.
ഇരുവരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. സ്ഥലത്തെത്തിയ പോലീസ് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നടനും സാമൂഹികമാധ്യമതാരവുമാണ് ഭരത് കാന്ത്. ടെനന്റ്, ഗ്രാമം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
















