പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളായ മൂന്ന് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി. മൂന്നാം പ്രതി ജീവന്‍, പതിമൂന്നാം പ്രതി നന്ദു, ഇരുപത്തിമൂന്നാം പ്രതി ഷൈജു എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെതാണ് നടപടി.
നടന്നത് രാഷ്ട്രീയ താല്‍പര്യങ്ങളുടെ പേരില്‍ പൊതുസമൂഹത്തിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്കെതിരായ പ്രവൃത്തിയെന്ന് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി പറഞ്ഞു. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം കുറച്ചു കാണിക്കുന്നതിന് ഇടയാക്കും. ഭാവിയില്‍ സമാന കുറ്റകൃത്യങ്ങള്‍ ചെയ്യാനും കാരണമാകും. ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്നും കോടതി പറഞ്ഞു.