കേരള സർക്കാരിന്റെ ഐ.ടി. വകുപ്പിന് കീഴിലുള്ള സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി (C-DIT)യുടെ ഡയറക്ടറായി എൽ.ബി.എസ്. വനിതാ എൻജിനിയറിംഗ് കോളേജിന്റെ പ്രിൻസിപ്പലായ ഡോ. അബ്ദുൽ റഹ്മാനെ നിയമിച്ചു. സംസ്ഥാന സർക്കാരിന്റെ ഐ.ടി. പദ്ധതികൾ, വിവിധ വകുപ്പുകളുടെ വെബ് പോർട്ടലുകൾ, ഡിജിറ്റൽ സേവനങ്ങൾ എന്നിവയുടെ വികസനത്തിനും പരിപാലനത്തിനും നേതൃത്വം നൽകുന്ന പ്രധാന സ്ഥാപനമാണ് സി-ഡിറ്റ്. കൂടാതെ എൻജിനീയറിങ് ഫാർമസി അടക്കമുള്ള എൻട്രൻസ് പരീക്ഷകളുടെ ഓൺലൈൻ സേവനം ഒരുക്കുന്നത് സിഡിറ്റ് ആണ്.
ഡോ. അബ്ദുൽ റഹ്മാൻ മുൻപ് എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ ഡയറക്ടറായും എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ (KTU) പ്രഥമ പ്രോ വൈസ് ചാൻസലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ, കേന്ദ്ര സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷന്റെ (AICTE) ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. സി-ആപ്റ്റ് (C-APT) മാനേജിംഗ് ഡയറക്ടർ, വി.എച്ച്.എസ്.ഇ. ഡയറക്ടർ, സെന്റർ ഓഫ് എക്സലൻസ് ഫോർ ഡിഫറെന്റലി ഏബിൾഡ് സ്റ്റഡീസ് ഡയറക്ടർ എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കാസർകോട് ജില്ലയിലെ പൈക്ക സ്വദേശിയായ ഡോ. അബ്ദുൽ റഹ്മാൻ, കൊട്ടയടുക്കം അബ്ദുള്ളയുടെയും നബീസയുടെയും മകനാണ്. കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയത്തിലെ ഡയറക്ടറായ ഡോ. നീതു സോണ ഐ ഐ എസ് ഭാര്യയാണ്
ഡിജിറ്റൽ ഇമേജ് പ്രോസസ്സിങ്ങിൽ ഡോക്ടറേറ്റ് ബിരുദമുള്ള റഹ്മാന് കീഴിൽ പതിനഞ്ചോളം പേർ ഇതിനകം പിഎച്ചഡി പൂർത്തിയാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ജേണലുകൾ ഉൾപ്പെടെ വിവിധ ദേശീയ-അന്തർദേശീയ പ്രസിദ്ധീകരണങ്ങളിൽ നൂറിലധികം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള റഹ്മാൻ ഈ മേഖലയുമായി ബന്ധപ്പെട്ട അഞ്ച് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
















