Explainers

മാസപ്പടി കേസ് മകളിലൂടെ അച്ഛനിലേക്ക് ?: പാര്‍ട്ടിയിലേക്കും അണികളിലേക്കും എത്തില്ല; പിണറായി വിജയനെ ചോദ്യം ചെയ്‌തേക്കും

അങ്ങനെ എക്‌സാലോജിക്ക്-സി.എം.ആര്‍.എല്‍ മാസപ്പടി കേസ് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് എത്തുകയാണ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഉടന്‍ ചോദ്യം ചെയ്‌തേക്കുമെന്ന സൂചനകള്‍ ശക്തമാവുകയാണ്. മാസപ്പടി കേസ് പിണറായി വിജയനെ ലക്ഷ്യം വെയ്ച്ചുള്ളതാണ് എന്ന് രീതിയില്‍ പാര്‍ട്ടിയും അണികളും പ്രതിരോധിച്ചിരുന്നെങ്കിലും പിന്നെ പ്രതിരോധത്തില്‍ കഴമ്പില്ലെന്നു തെളിഞ്ഞു. പിണറായി വിജയന്റെ മകളുടെ പേരിലുള്ള കേസില്‍ പാര്‍ട്ടി ഇടപെടുന്നതില്‍ ഔചിത്യമില്ലെന്നു കണ്ടാണ് പിന്‍മാറ്റം. എന്നാല്‍, പിണറായി വിജയനിലേക്ക് ഇപ്പോള്‍ കേസ് എത്തിയിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ മകള്‍ ആയതു കൊണ്ടാണ് കര്‍ത്ത പണം നല്‍കിയതെന്ന് മൊഴി കൊടുത്തിരിക്കുകയാണ് ഇ.ഡിക്ക്. ഇതാണ് പിണറായി വിജയനിലേക്കുള്ള വഴി തുറന്നിരിക്കുന്നതും. എന്നാല്‍, കര്‍ത്ത ഇ.ഡി.ക്ക് മൊഴി നല്‍കിയെന്ന മാധ്യമ വാര്‍ത്തകള്‍ വെറും സൃഷ്ടി മാത്രമാണെന്നാണ് പിണറായി പ്രതികരിച്ചത്. പക്ഷെ, കര്‍ത്തയുടെ ഡയറിയില്‍ പണം നല്‍കിയവരുടെ പേരുകള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. അതില്‍ പിണറായി വിജയന്‍ എന്നതിനെ ചുരുക്കി പി.വി. എന്നെഴുതിയിട്ടുണ്ട്. ഇത് പിണറായി അല്ലെന്ന് പിണറായി വിജയന്‍ അന്നേ പറഞ്ഞിട്ടുണ്ട്. എന്നാല്‍, ശശിധരന്‍ കര്‍ത്ത ഇ.ഡി.ക്കു നല്‍കിയ മൊഴിയിലൂടെ പി.വി. എന്നത് പിണറായി വിജയനാണെന്ന സംശയം ബലപ്പെടുകയാണ്.

എക്‌സാ ലോജിക് എന്ന കമ്പനി സി.എം.ആര്‍.എല്ലിന് സേവനം നല്‍കാന്‍ എങ്ങനെയാണ് എത്തിപ്പെടുന്നത് എന്നിടത്താണ് സംശയം. അത് പിണറായി വിജയനെന്ന മുഖ്യമന്ത്രിയുടെ പേരില്‍ അല്ലാതെ മറ്റെന്ത്. ശശിധരന്‍ കര്‍ത്തയ്ക്ക് കരിമണല്‍ കടത്താന്‍ ഇതിലൂടെ സാധിച്ചുവെന്നതാണ് ഇ.ഡിയുടെ നിഗമനവും. പക്ഷെ, സി.പി.എം ഇതിനെ പ്രതിരോധിച്ചത്, പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കം വരാതിരിക്കാനാണ്. പിണറായി വിജയനിലേക്ക് തിരിയുന്ന കേസ് നാളെ പാര്‍ട്ടിയെ തകര്‍ക്കാന്‍ സാധ്യതയുണ്ടെന്ന തിരിച്ചറിവാണത്. ഇന്ന് നടക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇത് ചര്‍ച്ച ചെയ്യുമോ എന്നും കാത്തിരുന്നു കാണേണ്ടതാണ്.

കൊച്ചിയിലെ സി.എം.ആര്‍.എല്‍ കമ്പനി ഉടമ ശശിധരന്‍ കര്‍ത്താ അന്വേഷണ ഏജന്‍സിക്ക് നല്‍കിയ നിര്‍ണായക മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പിണറായി വിജയനിലേക്ക് നീളുന്നത്. പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനിയായ എക്‌സാലോജിക്കുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇപ്പോള്‍ പിണറായിലേക്ക് തന്നെ എത്തുന്നത്. പിണറായി വിജയന്റെ മകളായതുകൊണ്ടാണ് എക്‌സാലോജിക്കുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയതെന്ന ശശിധരന്‍ കര്‍ത്തയുടെ മൊഴിയാണ് ഇതില്‍ നിര്‍ണായകമായത്. എന്നാല്‍, തുടക്കം മുതല്‍ തന്നെ സി.പി.എം ഈ വിഷയത്തില്‍ വ്യക്തമായ പ്രതിരോധം തീര്‍ത്തിരുന്നു. ഈ കേസ് വെറുമൊരു സാമ്പത്തിക അന്വേഷണമല്ലെന്നും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പിണറായി വിജയനെ വേട്ടയാടാനുള്ള ബിജെപിയുടെയും ഇഡിയുടെയും സംയുക്ത നീക്കത്തിന്റെ ഭാഗമാണെന്നുമാണ് പാര്‍ട്ടിയുടെ നിലപാട്.

തനിക്കെതിരെ ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ പൂര്‍ണമായും മാധ്യമ സൃഷ്ടിയാണെന്നാണ് കഴിഞ്ഞദിവസം പിണറായി വിജയന്‍ പ്രതികരിച്ചത്. അന്വേഷണം തന്നിലേക്ക് എത്തിക്കാനുള്ള ശ്രമം പലരും കാലങ്ങളായി നടത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇഡിയുടെ പുതിയ നീക്കങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രതികരണമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നത്. പ്രതിപക്ഷ നിരയിലുള്ള പ്രധാന നേതാക്കളെ ലക്ഷ്യമിട്ട് അന്വേഷണ ഏജന്‍സികളെ ആയുധമാക്കുന്നു എന്ന വാദമാണ് സിപിഎം ഉയര്‍ത്തുന്നത്.

ഇഡി അന്വേഷണത്തില്‍ ശശിധരന്‍ കര്‍ത്തയുടെ മൊഴിയിലൂടെ പിണറായി വിജയന്റെ പേര് പരസ്യമായി വന്നതിന് ശേഷമുള്ള ആദ്യത്തെ സെക്രട്ടേറിയറ്റ് യോഗമാണ് ഇന്ന് ചേരുന്നത്. നിലവില്‍ അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ ഇഡി ഔദ്യോഗികമായി നോട്ടീസ് നല്‍കിയിട്ടില്ലെങ്കിലും, അത്തരമൊരു സാഹചര്യമുണ്ടായാല്‍ വലിയ രീതിയിലുള്ള ജനകീയ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. നേരത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ സമയത്തുണ്ടായതിനേക്കാള്‍ ശക്തമായ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാന്‍ ഇന്നത്തെ യോഗത്തില്‍ ധാരണയായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.