ഭർത്താവ് സിബിൻ ബെഞ്ചമിനൊപ്പമുള്ള സന്തോഷകരമായ ദാമ്പത്യ ജീവിതത്തെക്കുറിച്ചും രണ്ടാം വിവാഹത്തിലേക്ക് നയിച്ച തീരുമാനങ്ങളെക്കുറിച്ചും മനസ്സുതുറന്ന് നടി ആര്യ ബാബു. പുതിയ അഭിമുഖത്തിലാണ് ആര്യ കുടുംബജീവിതത്തിലെ അനുഭവങ്ങളും നിലപാടുകളും പങ്കുവെച്ചത്. എന്തിനാണ് രണ്ടാമതൊരു വിവാഹമെന്ന് കുറേ പേർ എന്നോട് ചോദിച്ചിട്ടുണ്ട്. എന്റെ വീട്ടിൽ നിന്ന് ചോദിച്ചിട്ടുണ്ട്. ഒന്ന് പാളിയതല്ലേ, ഇനി എന്തിനാണ്, ഒറ്റയ്ക്ക് മാനേജ് ചെയ്യാൻ ഇത്ര പ്രയാസമാണോ എന്നൊക്കെ ചോദിച്ച ആൾക്കാരുണ്ട്. ജീവിതത്തിൽ ഒരു കംപാനിയൻ വേണമെന്നേ ആഗ്രഹിച്ചിട്ടുള്ളൂ.
എന്നെ ടേക്ക് കെയർ ചെയ്യാനുള്ള ഒരാളല്ല. ഒരു കംപാനിയൻ. അങ്ങനെയൊരു കംപാനിയൻ ജീവിതത്തിൽ എല്ലാവരും ആഗ്രഹിക്കുന്നതാണ്. ചിലർ വളരെ സ്‌ട്രോങാണ്. രഞ്ജിനി ചേച്ചിയെയൊക്കെ ഞാൻ കണ്ടിട്ടുണ്ട്. അവർ വളരെ നല്ലതാണ്. പക്ഷെ എനിക്ക് എന്റെ ജീവിതത്തിൽ ബാലൻസ് ചെയ്യാൻ ഒരാൾ കൃത്യമായി വന്നു. അത് വലിയ കാര്യമാണ്. എല്ലാം എനിക്ക് വെൽ ബാലൻസ്ഡ് ആണ്. വഴക്കിട്ട് കിടന്നുറങ്ങരുതെന്ന് ഭർത്താവ് എന്നെ പഠിപ്പിച്ചിട്ടുണ്ട്. കല്യാണം കഴിഞ്ഞ സമയത്ത് അവനെന്നോട് പറഞ്ഞു. ഞാനൊരു കാര്യം മാത്രമേ നിന്നോട് പറയുന്നുള്ളൂ, നമ്മൾ വഴക്കിടും, പക്ഷെ പ്രശ്നം പരിഹരിക്കാതെ നമ്മൾ ഉറങ്ങാൻ കിടക്കില്ലെന്ന് എനിക്ക് ഉറപ്പ് തരണം എന്ന്.
ഇന്ന് വരെയും ഞങ്ങളത് പാലിക്കുന്നു. ബേസിക്കലി നമ്മൾ വഴക്കിടുന്നത് ഈഗോ ഹർട്ടാകുമ്പോഴാണ്. ആ ഈഗോ മനസിൽ വെക്കുന്നത് മോശമാണ്. അത് നമ്മളെ തന്നെ ഡൗൺ ആക്കും. ഒരിക്കലും പങ്കാളിയെ മറ്റുള്ളവരുടെ മുന്നിൽ തരം താഴ്ത്തരുത്. അത് വളരെ പ്രധാനമാണ്. ഞാനും പണ്ട് ചെയ്ത കാര്യമാണ്. സുഹൃത്തുക്കളുടെ അടുത്ത് പോയി ഭർത്താവിന്റെ കുറ്റം പറയും. അല്ലെങ്കിൽ ഭർത്താവിന്റെ സുഹൃത്തുക്കളെ വിളിച്ച് ആളുടെ കുറ്റം പറയുക. ഒരിക്കലും അത് ചെയ്യരുത്. നിങ്ങൾ തന്നെ നിങ്ങളുടെ പങ്കാളിയെക്കുറിച്ച് മറ്റുള്ളവരോട് കുറ്റം പറഞ്ഞാൽ അതിലും മോശം കാര്യം എന്തെങ്കിലുമുണ്ടോ. എനിക്കും ഭർത്താവിനും പരസ്പരം ഇഷ്ടമില്ലാത്ത കുറേ കാര്യങ്ങളുണ്ട്. മൂന്നാമതൊരാളോട് അത് വിളിച്ച് പറയേണ്ടതില്ലെന്നും ആര്യ ബഡായി പറഞ്ഞു.

















