ലൈംഗികമായി ഉപയോഗിക്കുക്ക, അതും അടിമയെപ്പോലെ. എന്നാല്‍, അവരെ തടവിലാക്കില്ല, പിടിച്ചു കെട്ടില്ല. സ്വതന്ത്രമായിരിക്കും എപ്പോഴും പക്ഷെ, നിയന്ത്രണമെല്ലാം മറ്റൊരാള്‍ നിര്‍വഹിക്കും. ഒരു സ്ത്രീ അനുഭവിക്കാന്‍ ആഗ്രഹിക്കാത്ത ജീവിതമായിരിക്കും അത്. ഒരു പുരുഷന്റെ ലൈംഗികാഗ്രഹം തീര്‍ക്കാനും അയാളുടെ സാമ്പത്തിക സ്രോതസ്സാകാനും മാത്രമാണ് ഇത്തരം സ്ത്രീകളെ ഉപയോഗിക്കുന്നത്. ആരാധന കൊണ്ട് അടിമയായിപ്പോയവരാണ് ഇവരെല്ലാം. കുപ്രസിദ്ധ അമേരിക്കന്‍ വ്യവസായിയും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീന്റെ ലൈംഗിക ചൂഷണങ്ങളുടെ സമാന്തര ലോകമായിരുന്നു അത്. യാന്ത്രികമായ സ്ത്രീ ജീവിതം എപ്സ്റ്റീനു ചുറ്റും ജീവിച്ചു തീര്‍ക്കുക. അതാണ് വിധി.
നിരവധി സ്ത്രീകള്‍ എപ്സ്റ്റീന്റെ കള്‍ട്ട് ലോകത്ത് അലഞ്ഞു തിരിയുന്നുണ്ട്. എന്നാല്‍ അധിക കാലം അത് നീട്ടിക്കൊണ്ടുപോകാന്‍ എപ്സ്റ്റീന് സാധിച്ചില്ല. കള്‍ട്ട് ലോകത്തിന്റെ അവസാനം കുറിച്ചത് ഒരു റഷ്യന്‍ യുവതിയുടെ ഇടപെലാണ്. റഷ്യന്‍ സ്ത്രീയും എപ്സ്റ്റീന്റെ കള്‍ട്ട് ലോകത്തിലെ അടിമയായിരുന്നു. എന്നാല്‍, അവര്‍ പ്രതിരോധിച്ച് ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടു. അവരുടെ രക്ഷപ്പെടലും പ്രതിരോധവും പുറം ലോകമറിഞ്ഞത് ഞെട്ടലോടെയാണ്. എപ്സ്റ്റീന്റെ പീഡനങ്ങളില്‍ നിന്നും രക്ഷപ്പെട്ടത് എങ്ങനെയെന്ന് അവര്‍ വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
ആ റഷ്യന്‍ യുവതിയുടെ പേര് ജൂലിയ മോള്‍ച്ചനോവ എന്നാണ്. വാള്‍സ്ട്രീറ്റ് ജേണലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് എപ്സ്റ്റീന്‍ തീര്‍ത്ത സമാന്തര ലോകത്ത് വര്‍ഷങ്ങളോളം എങ്ങനെയെല്ലാം ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്യപ്പെട്ടു എന്ന് ഈ മുപ്പത്തേഴുകാരി തുറന്നുപറഞ്ഞിരിക്കുന്നത്. എല്ലാം ചെയ്യാനാകുമെങ്കിലും ഒന്നും ചെയ്യാനാകാത്ത ഒരു കള്‍ട്ട് ലോകത്തെ കുറിച്ച് അവര്‍ പറയുന്നത് ഇങ്ങനെ.
- ജൂലിയ മോള്‍ച്ചനോവ പറഞ്ഞത്
2011 ഡിസംബര്‍. നീല കണ്ണുകളുള്ള ജൂലിയ മോള്‍ച്ചനോവക്ക് 22 വയസ്പ്രായം. ഇംഗ്ലീഷ് അത്ര വശമില്ല. ആ റഷ്യന്‍ സുന്ദരി ഒരു യാത്രയുടെ ഭാഗമായാണ് അമേരിക്കയില്‍ എത്തുന്നത്. മഡിസണ്‍ അവന്യൂവിലെ ബാര്‍ണിസ് ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറില്‍ വെച്ച് അവള്‍ ജെഫ്രി എപ്സ്റ്റീനെ കണ്ടുമുട്ടി. ആദ്യ കാഴ്ചയില്‍ തന്നെ എപ്സ്റ്റീന്റെ മനസില്‍ ജൂലിയ ഇടംപിടിച്ചു. അവളുടെ നീലക്കണ്ണുകളായിരുന്നു ആകര്‍ഷിച്ചത്. തന്റെ സ്വന്തം നാട് ഒരു വിനോദസഞ്ചാര കേന്ദ്രമാണെന്നും അവിടം സന്ദര്‍ശിക്കണമെന്നും ജൂലിയയോട് എപ്സ്റ്റീന്‍ പറഞ്ഞു. പിറ്റേദിവസവും ജൂലിയയെ കാണാന്‍ എപ്സ്റ്റീന്‍ എത്തി. ഇത്തവണ റഷ്യന്‍ ഭാഷ സംസാരിക്കുന്ന ഒരു സ്ത്രീയെയും കൂടെ കൊണ്ടുവന്നിരുന്നു.
ജൂലിയയുമൊത്ത് പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടയില്‍ അവളെക്കുറിച്ചും അവളുടെ സ്വപ്നങ്ങളെക്കുറിച്ചും ജീവിതത്തില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത് എന്തൊക്കെയാണെന്നും എപ്സ്റ്റീന്‍ ചോദിച്ചറിഞ്ഞു. റഷ്യയില്‍ ഫാഷന്‍ ഡിസൈനിങ്ങാണ് പഠിച്ചുകൊണ്ടിരുന്നതെന്നും തന്റെ ഇഷ്ടമേഖല അതാണെന്നും ജൂലിയ പറഞ്ഞു. ന്യൂയോര്‍ക്കിലെ ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (എഫ്.ഐ.ടി) പഠിക്കാനുള്ള അവസരം ഒരുക്കിത്തരാമെന്ന് എപ്സ്റ്റീന്‍ അവള്‍ക്ക് വാക്കുകൊടുത്തു. അതില്‍ ജൂലിയ വീണുപോയി. തിരിച്ച് നാട്ടിലെത്തിയ ജൂലിയ എഫ്.ഐ.ടിയില്‍ പഠിക്കുന്നതിന് മുന്നോടിയായി ചില തയ്യല്‍ കോഴ്സുകള്‍ക്ക് ചേര്‍ന്നു. അതിനുള്ള പണം മുടക്കിയത് എപ്സ്റ്റീനായിരുന്നു.
2012 ജനുവരിയില്‍ എഫ്.ഐ.ടി കാണിച്ചുകൊടുക്കാമെന്ന് പറഞ്ഞ് എപ്സ്റ്റീന്‍ അവളെ ന്യൂയോര്‍ക്കിലേക്ക് വിളിച്ചുവരുത്തി. ന്യൂയോര്‍ക്കിലെത്തിയ ജൂലിയയെ അയാള്‍ ഒരു അപ്പാര്‍ട്മെന്റില്‍ താമസിപ്പിച്ചു. അവിടെ വേറെയും യുവതികളുണ്ടായിരുന്നു. എപ്സ്റ്റീന്‍ ലൈംഗികമായി പീഡിപ്പിച്ചു കൊണ്ടിരിക്കുന്നവരായിരുന്നു അവര്‍. അവിടെവെച്ച് ജൂലിയയെയും അയാള്‍ ലൈംഗികമായി പീഡിപ്പിച്ചു. അവള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍, ലൈംഗികമായി ബന്ധപ്പെട്ടിരിക്കേണ്ടത് അമേരിക്കന്‍ സംസ്‌ക്കാരത്തിന്റെ ഭാഗമാണെന്നായിരുന്നു എപ്സ്റ്റീന്റെ മറുപടി. ഇങ്ങനെ ചെയ്തെങ്കില്‍ മാത്രമേ എഫ്.ഐ.ടിയില്‍ ചേരാന്‍ അവള്‍ അനുയോജ്യയാവുകയുള്ളൂവെന്നും അയാള്‍ പറഞ്ഞു.
തുടര്‍ന്നുള്ള മാസങ്ങളില്‍ സാമ്പത്തികമായും എപ്സ്റ്റീന്‍ അവളെ സഹായിച്ചു. അതിലൂടെ കടപ്പെട്ടവളാക്കി മാറ്റി. അവളെ അയാള്‍ക്ക് അടിമപ്പെടുത്തി. റഷ്യയിലേക്ക് തിരിച്ചുപോയ ജൂലിയ പിന്നീട് ആണ്‍സുഹൃത്തിനൊപ്പം പാരീസിലെത്തിയപ്പോള്‍ ഇരുവരും വഴക്കിടുകയും ആണ്‍സുഹൃത്ത് ജൂലിയയെ മര്‍ദ്ദിക്കുകയും ചെയ്തു. പേടിച്ച അവള്‍ എപ്സ്റ്റീന് മെസേജ് അയച്ചു. എപ്സ്റ്റീനും ആ സമയം പാരിസിലുണ്ടായിരുന്നു. ആണ്‍സുഹൃത്തിന്റെ അടുത്ത് നിന്നും ജൂലിയയെ എപ്സ്റ്റീന്‍ രക്ഷപ്പെടുത്തുകയും റഷ്യയിലേക്കുള്ള ടിക്കറ്റ് എടുത്തു നല്‍കുകയും ചെയ്തു.
എന്നാല്‍ ഇത്തവണ അവള്‍ എപ്സ്റ്റീന്റെ യഥാര്‍ഥ മുഖം കണ്ടു. ജൂലിയയുടെ മുകളില്‍ അയാള്‍ തന്റെ ആധിപത്യം ഉറപ്പിച്ചു. അവളെ അസിസ്റ്റന്റിനെപ്പോലെയാണ് അയാള്‍ കണ്ടത്. അവള്‍ എപ്പോഴും അയാളോട് നന്ദി പറയണമായിരുന്നു. എപ്പോഴും ചിരിച്ച് സന്തോഷത്തോടെയിരിക്കണം. എല്ലാവരോടും സൗഹാര്‍ദത്തോടെ ഇടപെടണം. അതൊരു കള്‍ട്ട് പോലെയായിരുന്നു.
ജൂലിയയെയും അയാളെ ആശ്രയിച്ചിരുന്ന മറ്റ് സ്ത്രീകളെയും എപ്സ്റ്റീന്‍ നിരന്തരം ലൈംഗികമായി ഉപയോഗിച്ചു. അതിനെല്ലാം പുറമേ, ആ കള്‍ട്ടിലേക്ക് മറ്റ് യുവതികളെയും കൊണ്ടുവരാന്‍ അയാള്‍ അവരോട് നിര്‍ദ്ദേശിച്ചു. ജൂലിയ പറ്റില്ലെന്ന് പറഞ്ഞതോടെ അവളോടുള്ള അയാളുടെ മനോഭാവം മാറി. പുറംലോകവുമായുള്ള അവളുടെ ബന്ധം വിച്ഛേദിച്ചു.
ജൂലിയ പണം ചെലവാക്കുന്നത് എങ്ങനെയെന്ന് അയാള്‍ നിരീക്ഷിച്ചു. മാസം മൂവായിരം ഡോളറില്‍ താഴെ മാത്രമാണ് എപ്സ്റ്റീന്‍ അവള്‍ക്ക് നല്‍കിയിരുന്നത്. ജൂലിയ എന്ത് ധരിക്കണം, മുടിയുടെ നീളം എത്രയായിരിക്കണം, ഏത് ഡോക്ടറെയാണ് അവള്‍ കാണേണ്ടത്, ആരോടൊപ്പമാണ് അവള്‍ സമയം ചെലവിടേണ്ടത് എന്നതടക്കം എല്ലാ കാര്യങ്ങളും തീരുമാനിച്ചിരുന്നത് എപ്സ്റ്റീനായിരുന്നു. 2013ല്‍ മറ്റൊരു സ്ത്രീയുമായി ജൂലിയയുടെ വിവാഹം വരെ എപ്സ്റ്റീന്‍ നടത്തി. തന്റെ കള്‍ട്ടിലുള്ള പല സ്ത്രീകളെയും ഇത്തരത്തില്‍ എപ്സ്റ്റീന്‍ വിവാഹം കഴിപ്പിച്ചിരുന്നു.
2014ല്‍ എപ്സ്റ്റീന്റെ അഭിഭാഷകന്‍ ഡാരന്‍ ഇന്‍ഡിക്കേ ജൂലിയയുടെ പേരില്‍ ജെഎസ്സി ഇന്റീരിയേഴ്സ് എന്ന കമ്പനി രജിസ്റ്റര്‍ ചെയ്തു. ജൂലിയയുടെ ഡിസൈന്‍ ബിസിനസിന് വേണ്ടിയാണെന്ന് പറഞ്ഞിട്ടാണ് കമ്പനി തുടങ്ങിയത്. എന്നാല്‍ ഡിസൈനുമായി ബന്ധപ്പെട്ട ജോലികളൊന്നും കമ്പനിയില്‍ അവള്‍ക്കുണ്ടായിരുന്നില്ല. പകരം പൂക്കള്‍ അലങ്കരിക്കുന്നത് അടക്കമുള്ള ചെറിയ ജോലികളാണ് ലഭിച്ചത്. യഥാര്‍ഥത്തില്‍ തന്റെ സാമ്പത്തിക ഇടപാടുകള്‍ക്ക് വേണ്ടിയുള്ള എപ്സ്റ്റീന്റെ ബിനാമി കമ്പനിയായിരുന്നു ജെഎസ്സി ഇന്റീരിയേഴ്സ്.
ബാങ്ക് ഓഫ് അമേരിക്കയിലായിരുന്നു കമ്പനിക്ക് അക്കൗണ്ട് ഉണ്ടായിരുന്നത്. ജൂലിയയുടെ പേരില്‍ എപ്സ്റ്റീന്‍ നടത്തിക്കൊണ്ടിരുന്ന സാമ്പത്തിക ഇടപാടുകള്‍ ബാങ്ക് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ചൂഷണത്തിനിരയായ മറ്റ് സ്ത്രീകളെയും കൂട്ടി ബാങ്കിനെതിരെ ജൂലിയ കൂട്ടഹര്‍ജി നല്‍കി. കേസില്‍ ബാങ്ക് ഓഫ് അമേരിക്ക ഇരകള്‍ക്ക് 7.2 മില്യണ്‍ ഡോളര്‍ അതായത് ഏകദേശം 600 കോടി രൂപയിലധികം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍ മനുഷ്യക്കടത്തിനും ലൈംഗിക ചൂഷണത്തിനും തങ്ങള്‍ ഒത്താശ ചെയ്തെന്ന ആരോപണം ബാങ്ക് ഓഫ് അമേരിക്ക തള്ളിക്കളഞ്ഞു. എപ്സ്റ്റീന്റെ അഭിഭാഷകന്‍ ഇന്‍ഡിക്കെയും അക്കൗണ്ടന്റ് റിച്ചാര്‍ഡ് കാനും ജൂലിയയുടെ വാദങ്ങള്‍ തള്ളിയിട്ടുണ്ട്.
ജൂലിയയുടെ മോഹം പോലെ ഫാഷന്‍ ഡിസൈനിങ്ങില്‍ ഒരു കരിയര്‍ കെട്ടിപ്പടുക്കാന്‍ എപ്സ്റ്റീന്‍ ഒരിക്കലും അവളെ സഹായിച്ചില്ല. പകരം പ്രശസ്ത ബിസിനസുകാരിയായ ഫെയ്ത്ത് കേറ്റ്സ് നടത്തുന്ന മോഡലിങ് ഏജന്‍സിയായ നെക്സ്റ്റ് മാനേജ്‌മെന്റില്‍ റിസപ്ഷനിസ്റ്റിന്റെ ജോലി ഉള്‍പ്പെടെ പല ജോലികളും അവള്‍ക്ക് വാങ്ങിനല്‍കി. എന്നാല്‍ എപ്സ്റ്റീനുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ഇപ്പോള്‍ നെക്സ്റ്റ് മാനേജ്മെന്റ് പ്രതികരിക്കുന്നത്. കെയ്റ്റ്സ് 2025 അവസാനമായപ്പോഴേയ്ക്കും കമ്പനി വിട്ടെന്നും അവര്‍ പറയുന്നു.
വര്‍ഷങ്ങള്‍ നീണ്ട എപ്സ്റ്റീന്റെ അധീശത്വം ജൂലിയയുടെ മാനസികവും ശാരീരകവുമായ ആരോഗ്യത്തെ ബാധിച്ചു. ശരീരഭാരം വര്‍ധിച്ചപ്പോള്‍ തടിച്ചി എന്ന് വിളിച്ച് എപ്സ്റ്റീന്‍ അവളെ അധിക്ഷേപിച്ചു. ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച നാളുകളില്‍ ഒരു തെറാപ്പിസ്റ്റിനെ കാണാന്‍ പോലും എപ്സ്റ്റീന്‍ അവളെ അനുവദിച്ചില്ല. 2016ല്‍ ഒരു ടാബ്ലോയിഡ് എപ്സ്റ്റീനൊപ്പമുള്ള ജൂലിയയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടതോടെ അവളുടെ മാനസികാരോഗ്യം കൂടുതല്‍ വഷളായി. താന്‍ എന്നെന്നേക്കുമായി കെണിയില്‍ പെട്ടുവെന്നും തന്റെ ജീവിതം അവസാനിച്ചുവെന്നും അവള്‍ ചിന്തിച്ചു.
2017ല്‍ ജൂലിയയ്ക്ക് സ്ത്രീയുമായുള്ള അവളുടെ വ്യാജ വിവാഹം നിയമപരമായി ഒഴിവാക്കുന്നതിനായി എപ്സ്റ്റീന്റെ അഭിഭാഷകന്‍ രേഖകള്‍ തയ്യാറാക്കി നല്‍കി. ആ കള്‍ട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച കാലഘട്ടമായിരുന്നു അത്. അവള്‍ ഒരു ആണ്‍സുഹൃത്തിനെ കണ്ടെത്തുകയും അവനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയും ചെയ്തു. എന്നാല്‍ എപ്സ്റ്റീന്‍ അവളെ തിരിച്ചുവിളിച്ചുകൊണ്ടുവന്നു. ലൈംഗികമായി ഉപദ്രവിച്ചു. എന്താണ് സംഭവിച്ചതെന്ന് ജൂലിയ ആണ്‍സുഹൃത്തിനോട് പറഞ്ഞില്ല. അവര്‍ പിന്നീട് വേര്‍പിരിഞ്ഞു.
2019ന്റെ തുടക്കത്തില്‍ ആദ്യമായി തന്റെ ദുരനുഭവങ്ങള്‍ ജൂലിയ ഒരു സുഹൃത്തിനോട് പറഞ്ഞു. തിരിച്ചടിക്കാന്‍ ആ സുഹൃത്ത് അവളെ സഹായിച്ചു. താന്‍ എടുക്കാത്ത ക്രെഡിറ്റ് കാര്‍ഡുകള്‍ തന്റെ പേരില്‍ കാണിക്കുന്നതെന്താണെന്ന് ചോദിച്ച് എപ്സറ്റീന്റെ അക്കൗണ്ടന്റിന് അവള്‍ ഇ-മെയില്‍ അയച്ചു. തന്റെ ടാക്സ് റിട്ടേണുകള്‍ കാണണമെന്നും ജെഎസ്സി ഇന്റീരിയേഴ്സിന്റെ സ്ഥാപക പദവിയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നും അവള്‍ ആവശ്യപ്പെട്ടു. അങ്ങനെ അവള്‍ കമ്പനിയുടെ പടിയിറങ്ങി.
ആ സമയം എപ്സ്റ്റീന്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ട് ജൂലിയ അയാള്‍ക്ക് ഒരു ഇമെയില്‍ അയച്ചു. അതിന് മറുപടിയായി പാം ബീച്ചിലേക്ക് വരാനാണ് എപ്സ്റ്റീന്‍ ആവശ്യപ്പെട്ടത്. അയാളുടെ കള്‍ട്ടിലുള്ള സ്ത്രീകളെ ഉപയോഗിച്ചും ജൂലിയയെ അയാള്‍ വിളിപ്പിച്ചു. എന്നാല്‍ പോകാന്‍ ജൂലിയ തയ്യാറായില്ല. പോയിരുന്നെങ്കില്‍ പാം ബീച്ചിലെ നീന്തല്‍ക്കുളത്തിന് അടിയില്‍ തന്റെ മൃതദേഹം കണ്ടെത്തുമായിരുന്നെന്ന് അവള്‍ക്ക് ഉറപ്പായിരുന്നു.
ചെറിയ കരടി എന്നാണ് എപ്സ്റ്റീനെ ജൂലിയ വിളിച്ചിരുന്നത്. 2019 ജൂണില്‍ കരടിയെ അറസ്റ്റ് ചെയ്യുന്നതായും അയാളുടെ തലവെട്ടുന്നതായുമുള്ള ഒരു ചിത്രം ജൂലിയ വരച്ചു. എന്നാല്‍ ജൂലൈ ആറിന് എപ്സ്റ്റീന്‍ അറസ്റ്റ് ചെയ്യപ്പെടുമെന്നോ ആഴ്ചകള്‍ക്കുള്ളില്‍ ന്യൂയോര്‍ക്കിലെ ഫെഡെറല്‍ ജയിലില്‍ അയാളെ മരിച്ച നിലയില്‍ കാണപ്പെടുമെന്നോ അവള്‍ക്കപ്പോള്‍ അറിയുമായിരുന്നില്ല.

















