കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയുടെ പാതയില്‍ രക്തസാക്ഷികളുടെ ചോരയില്‍ മുക്കിയ ചുവപ്പ് പതാകയുടെ വിശ്വാസവും ഉറപ്പുമാണ് ഓരോ നേതാക്കളെയും വാര്‍ത്തെടുത്തത്. എന്നാല്‍, അതേ ചുവപ്പു കൊണ്ടുള്ള അവസാനം ഇവിടെ തുടങ്ങിയിരിക്കുകയാണ്. സി.പി.എമ്മിന്റെ പൊളിറ്റ്ബ്യൂറോ മെമ്പറായ പിണറായി വിജയന് കുരുക്കൊരുക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പുറത്തു വിട്ട വീണയുടെ റെഡ് ബുക്കാണ് ഏറ്റവും പുതിയ വെളിപ്പെടുത്തലും ചൂടുള്ള വാര്‍ത്തയും നാളത്തെ കേരള രാഷ്ട്രീയത്തെ നിശ്ചയിക്കുന്നതും. പണം വാങ്ങിയ കണക്കും, കൊടുത്ത കണക്കും, വിദേശത്തേക്ക് കൊണ്ടു പോയ കണക്കുമെല്ലാം ഈ റെഡ്ബുക്കിലാണ് ഉള്ളതെന്ന് ഇ.ഡി. പറയുന്നു.
വീണയുടെ റെഡ്ബുക്ക് സി.പി.എം നേതാവ് പിണറായി വിജയന്റെ രാഷ്ട്രീയത്തിലെ റെഡ് കാര്‍ഡ് ആകുമോ എന്നാണ് ഇനി അറിയാനുള്ളത്. പല്ലും നഖവും ഉപയോഗിച്ച് പിണറായി വിജയനെ സംരക്ഷിക്കുമെന്ന് വാക്കാല്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സംഘവും പറയുന്നുണ്ടെങ്കിലും ഓരോ തെളിവുകളും പുറത്തു വരുന്നതോടെ ഓരോ നേതാക്കളും പിന്നോട്ടു വലിയുകയാണ്. കോഴിക്കോട് വിശാല സി.പി.എം മീറ്റിംഗ് നടക്കാനിരിക്കെ മുഹമ്മദ് റിയാസ് ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളത്തിന് തൊട്ടു പിന്നാലെയാണ് ഇ.ഡി. പിടിച്ചെടുത്ത റെഡ് ബുക്കിന്റെ വിവരം പുറത്തു വിട്ടത്. ഇി സി.പി.എമ്മിലെ ആരൊക്കെയാണ് ഇതിനെ ന്യായീകരിച്ചും, അനുകൂലിച്ചും രംഗത്തു വരുന്നതെന്നു കാണാം.
എന്നാല്‍, ഇ.ഡിയെ ആക്രമിച്ചതിനു ശേഷം നടന്ന ഒരു റെയ്ഡിലും ഡി.വൈ.എഫ്.ഐയോ, സി.പി.എമ്മോ ഇ.ഡിക്കെതിരേ ആക്രമണം നടത്താന്‍ മുതിര്‍ന്നില്ല. ഇ.ഡിയെ ആദ്യം ആക്രമിച്ചത് പിണറായി വിജയനെ കുരുക്കാനുള്ള ശ്രമമെന്ന പേരിലായിരുന്നു. എന്നാല്‍, പിണറായി തന്നെ പറഞ്ഞത്, മകളെയാണ് ചോദ്യം ചെയ്തത്, തന്നെ ഒന്നും ചെയ്തില്ല എന്നാണ്. അതിനു ശേഷം നടന്ന റെയ്ഡുകളിലും ചോദ്യം ചെയ്യലിലുമാണ് റെഡ്ബുക്കടക്കമുള്ള കാര്യങ്ങള്‍ ഇ.ഡി.ക്കു കിട്ടുന്നത്. പിണറായി വിജയന്‍ 2.28 കോടി മകളിലൂടെ കൈക്കൂലി വാങ്ങിയെന്നും കണ്ടെത്തിയത്. ഈ റെയ്ഡുകളിലും, ഇ.ഡിയുടെ പ്രസ്താവനയ്ക്കുമെതിരേ സി.പി.എമ്മോ, ഡി.വൈ.എഫ്.ഐയോ, എസ്.എഫ്,ഐയോ ഒന്നും സമരരംഗത്തിറങ്ങിയില്ലെന്നതാണ് പ്രത്യേകത.
കാരണം, പാര്‍ട്ടിക്കു പോലും സംശയമായിത്തുടങ്ങി. ആര്‍ക്കു വേണ്ടിയാണ് തങ്ങള്‍ ഇ.ഡി.ക്കെതിരേ പടയ്ക്കിറങ്ങുന്നതെന്ന്. വീണയെ സംരക്ഷിക്കേണ്ട ആവസ്യമില്ലാ എന്ന നിലപാടിലേക്ക് പാര്‍ട്ടി അതിവേഗം എത്തപ്പെട്ടു. തൊട്ടു പിന്നാലെ പിണറായിയുടെ പരസ്യ നിലപാടുകള്‍ക്ക് പ്രതികൂലമായി പാര്‍ട്ടി പൊളിറ്റ്ബ്യൂറോ തന്നെ നിന്നു. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയും പിന്നാലെ പിണറായി വിജയന്റെ മകളുടെ മാസപ്പടിയും, റിയാസിന്റെ ഇടപെടലുമൊക്കെ വലിയ രീതിയില്‍ സി.പി.എമ്മിനെ ചുഴറ്റി. ഇതിനെല്ലാം പിണറായി വിജയനെ സംരക്ഷിക്കാന്‍ പാര്‍ട്ടി നേതാക്കളാരും പ്രത്യക്ഷത്തില്‍ രംഗത്തു വന്നില്ല എന്നതാണ് വലിയ മാറ്റം. ഏകദേശം ഒറ്റപ്പെട്ട സ്ഥിതിയിലായിരിക്കുകയാണ് പിണറായി വിജയന്‍. പാര്‍ട്ടി ഇപ്പോള്‍ പാര്‍ട്ടിയുടെ വഴിയേ തിരിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാവുകയാണ്. നേതാക്കളെല്ലാം പിണറായി പിന്തുണച്ച് രംഗത്തു വരാതെ ചാറ്റ ജി.പി.ടിയില്‍ 80കളിലെ തങ്ങള്‍ എന്ന ഫേസ്ബുക്ക് പിക്ച്ചര്‍ ഇടുന്ന തിരക്കിലുമായി.
കേസെടുക്കാന്‍ കേരള പൊലീസിനോടുള്ള ഇ.ഡിയുടെ ആവശ്യം പുറത്തുവന്നതു ചൊവ്വാഴ്ച രാവിലെയാണെങ്കില്‍ പിണറായിയെ പിന്തുണച്ചു സിപിഎം പൊളിറ്റ് ബ്യൂറോ വാര്‍ത്തക്കുറിപ്പ് ഇറക്കിയത് ബുധനാഴ്ച വൈകിട്ടു മാത്രം. ടി. വീണയ്‌ക്കെതിരെയുള്ള കേസ് 2 കമ്പനികള്‍ തമ്മില്‍ നടത്തിയ ഇടപാടാണെന്ന് ഇതുവരെ ന്യായീകരിച്ചിരുന്ന സിപിഎം, കേസിന്റെ പരിധിയിലേക്കു പിണറായിയും മുഹമ്മദ് റിയാസും കൂടി എത്തിയതോടെ ആശയക്കുഴപ്പത്തിലാണ്. നേതാക്കള്‍ക്കെതിരെ ഏതു ചെറിയ ആരോപണം ഉയര്‍ന്നാലും അന്വേഷണത്തിനു മടിക്കാത്ത പാര്‍ട്ടി, പിബി അംഗം ഉള്‍പ്പെടെ 2 സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കെതിരെ വലിയ ആരോപണമുയര്‍ന്നിട്ടും ആഭ്യന്തര അന്വേഷണം നടത്താത്തത് എന്തെന്ന ചോദ്യം ചില നേതാക്കള്‍ രഹസ്യമായി ഉയര്‍ത്തുന്നുണ്ട്.
പ്രതിപക്ഷ നേതാവിനെതിരെ ഇത്രയും വലിയ ആരോപണം ഉയര്‍ന്നിട്ടും എന്തുകൊണ്ടു പ്രതികരിക്കുന്നില്ലെന്ന് ഒരു കേന്ദ്ര കമ്മിറ്റിയംഗത്തോടു ചോദിച്ചപ്പോള്‍, ‘സംസ്ഥാന സെക്രട്ടറി പ്രതികരിച്ചിട്ടുണ്ടല്ലോ’ എന്ന ഒഴുക്കന്‍ മറുപടിയാണു ലഭിച്ചത്. ആരോപണവിധേയരായ പിണറായിയെയും മുഹമ്മദ് റിയാസിനെയും ഒഴിച്ചു നിര്‍ത്തിയാല്‍ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഉള്‍പ്പെടെ ഏതാനും പേര്‍ മാത്രമാണ് ഇതുവരെ പ്രതികരിച്ചത്. പിണറായിയാകട്ടെ, മാധ്യമങ്ങളെ അഭിമുഖീകരിക്കാതെ പൊതുയോഗത്തിലെ പ്രസംഗത്തിലൂടെ മറുപടി നല്‍കി.
കേസില്‍ ഒരുഘട്ടത്തിലും സിപിഎമ്മിനൊപ്പം ചേരാതിരുന്ന സിപിഐ ആ നിലപാട് ഇപ്പോഴും തുടരുകയാണ്. മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ടവരുടെ വീട്ടില്‍ ഇ.ഡി റെയ്ഡ് നടത്തിയപ്പോള്‍ സിപിഐ പുലര്‍ത്തിയ മൗനം സിപിഎം നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. സിപിഐയ്ക്കു പ്രതിപക്ഷ ഉപനേതൃസ്ഥാനം നല്‍കില്ലെന്നു പരസ്യമായി പ്രഖ്യാപിക്കാന്‍ പിണറായിക്കു പ്രേരണയായതും ഇതായിരുന്നു. പുതിയ സാഹചര്യം പാര്‍ട്ടി പരിശോധിക്കുകയാണെന്നും നിലപാടെടുത്തിട്ടില്ലെന്നുമാണു സിപിഐ നേതാക്കള്‍ പറയുന്നത്. മറ്റു പ്രധാനപ്പെട്ട ഘടകകക്ഷികളുടെ നേതാക്കള്‍ ഇങ്ങനെയൊരു വിഷയമുള്ളതായേ ഭാവിക്കുന്നില്ല. പാര്‍ട്ടിയിലെയും മുന്നണിയിലെയും അനൈക്യം നിര്‍ണായകഘട്ടത്തില്‍ പിണറായിയെ ഒറ്റപ്പെടുത്തുന്ന നിലയിലേക്കെത്തുകയാണ്.

















