സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തരമായി വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ആവശ്യമായാല്‍ ഉയര്‍ന്ന വില നല്‍കിയും വൈദ്യുതി ലഭ്യമാക്കണമെന്നാണ് നിര്‍ദേശം. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. സെപ്റ്റംബര്‍ മാസത്തിലെ വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ നിലവില്‍ വൈദ്യുതി വാങ്ങുക മാത്രമാണ് പോംവഴിയെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. യൂണിറ്റിന് 20 രൂപ വരെ നല്‍കേണ്ടിവന്നാലും വൈദ്യുതി ലഭ്യമാക്കാനുള്ള സാധ്യത പരിശോധിക്കണമെന്ന് കെഎസ്ഇബിക്ക് നിര്‍ദേശം നല്‍കിയതായാണ് വിവരം.
ചീഫ് സെക്രട്ടറിയും കെഎസ്ഇബി ചെയര്‍മാനും പങ്കെടുത്ത യോഗത്തിലാണ് വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി ലഭ്യമാണോ എന്നതടക്കം പരിശോധിക്കാനാണ് കെഎസ്ഇബിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, ഒക്ടോബര്‍ മുതല്‍ 2027 മെയ് വരെയുള്ള കാലയളവില്‍ വൈദ്യുതി വാങ്ങാനുള്ള ഹ്രസ്വകാല കരാറുകള്‍ക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി. ശരാശരി യൂണിറ്റിന് 10.04 രൂപയില്‍ കവിയാത്ത നിരക്കില്‍ വൈദ്യുതി വാങ്ങാനാണ് അനുമതി. വൈദ്യുതി ആവശ്യകത ഏറ്റവും ഉയരുന്ന ഏപ്രില്‍, മെയ് മാസങ്ങളില്‍ യൂണിറ്റിന് പരമാവധി 12.50 രൂപ വരെ നല്‍കി വൈദ്യുതി വാങ്ങാനും അനുമതിയുണ്ട്. ഇതോടെ ഒക്ടോബര്‍ മുതലുള്ള വൈദ്യുതി ലഭ്യത സംബന്ധിച്ച് കെഎസ്ഇബിക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
എന്നാല്‍ റെഗുലേറ്ററി കമ്മീഷന്റെ അനുമതി ഒക്ടോബര്‍ മുതലുള്ള കരാറുകള്‍ക്കാണ് ലഭിച്ചിരിക്കുന്നത്. അതിനാല്‍ ഈ മാസം സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത എങ്ങനെ നിറവേറ്റുമെന്നതാണ് കെഎസ്ഇബിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഉയര്‍ന്ന നിലയിലാണ്. ഇന്നലെ മാത്രം 96.39 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തി. പരമാവധി വൈദ്യുതി ആവശ്യകത 4676 മെഗാവാട്ട് വരെയെത്തുകയും ചെയ്തു. ഉപഭോഗം ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ ലഭ്യമായ എല്ലാ മാര്‍ഗങ്ങളിലൂടെയും വൈദ്യുതി ഉറപ്പാക്കാനാണ് കെഎസ്ഇബിയുടെ ശ്രമം. ഒക്ടോബര്‍ മുതലുള്ള ഹ്രസ്വകാല കരാറുകള്‍ക്ക് അനുമതി ലഭിച്ചതോടെ ദീര്‍ഘകാല പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

















