എല്ലാ ഓഫീസുകളിലും കസേരകള്‍ ഉണ്ടാകും. വലിപ്പത്തിലും കെട്ടിലും മട്ടിലുമെല്ലാം പ്രത്യേകതകള്‍ ഉള്ള കസേരകള്‍. ഓരോ മുറികളിലും കസേരകളുണ്ടാകും. അത്തരം കസേരകള്‍ വീടുകളില്‍ ഇട്ടിരിക്കുന്നതു പോലെയുള്ളവയല്ല. ആ കസേരകള്‍ക്ക് നിലയും വിലയുമുണ്ടാകും. ചെയ്യുന്ന ജോലിയുടെ നിലയിലാണ് ആ കസേരകള്‍ക്ക് വിലയിടുന്നത്. പോലീസ് സ്‌റ്റേഷനിലും, സെക്രട്ടേറിയറ്റിലെ മന്ത്രിക്കസേരയും, ജില്ലാ കളക്ടര്‍ക്കും, ജേര്‍ണലിസ്റ്റുകള്‍ക്കും കസേരകളുണ്ട്. ആ കസേരകള്‍ പദവിയുടെയും ചെയ്യുന്ന ജോലിയുടെയും അടയാളം കൂടിയാണ്. ഡി.ജി.പിയുടെ കസേരയില്‍ സി.പി.ഒ ഇരിക്കില്ല. ഒരു എസ്.എച്ച്.ഒയുടെ കസേരയില്‍ പരാതിക്കാരനോ, പ്രതിയോ ഇരിക്കില്ല. എന്തിന് കളക്ടറോ, മന്ത്രിയോ ഇരിക്കില്ല. ഇരിക്കാന്‍ പാടില്ല. കാരണം, എസ്.എച്ച്.ഒ ഇരിക്കേണ്ട കസേരയാണത് എന്ന ബോധവും ബോധ്യവുമാണ്.
അതുപോലെത്തന്നെയാണ് മന്ത്രിക്കസേരയില്‍ പോലീസുകാര്‍ ഇരിക്കില്ല. എ.സി.പിക്ക് ജേര്‍ണലിസ്റ്റുകള്‍ ഇരിക്കുന്ന കസേരയില്‍ ഇരിക്കാന്‍ അര്‍ഹതയില്ല. ഇരിക്കാന്‍ പാടില്ല. കാരണം, അത് അവരുടെ ജോലി സ്ഥലവും, ജോലിയുടെ പദവിയുമാണ്. എ.സി.പിയുടെ കസേരയില്‍ ജേര്‍ണലിസ്റ്റ് ഇരുന്നാല്‍ എ.സി.പിയുടെ വിലയെന്താകും. നീതിനിര്‍വഹണം എന്നതാണ് എ.സി.പിയെ റിപ്പോര്‍ട്ടര്‍ ചാനലിലെ ന്യൂസ് എഡിറ്ററുടെ കസേരയില്‍ ഇരുത്തിയതെങ്കില്‍, നീതി നിര്‍വഹണം നടത്തുമ്പോള്‍ അതില്‍ വീഴ്ച വരുത്തുന്ന പോലീസ് ഉദ്യോഗസ്ഥരുടെയെല്ലാം കസേരകളില്‍ ജേര്‍ണലിസ്റ്റുകള്‍ക്ക് ഇരുന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാമല്ലോ. അതുണ്ടാകാന്‍ പാടില്ല എന്നതാണ് മാന്യതയും മര്യാദയും നീതിയും നിയമവും. പരസ്പരം ബഹുമാനം നഷ്ടപ്പെട്ടാല്‍ സംഭവിക്കാന്‍ പോകുന്ന അവസ്ഥയെ കുറിച്ച് ഒന്നാലോചിച്ചാല്‍ മനസ്സിലാകും.
കൊച്ചിയില്‍ റിപ്പോര്‍ട്ട ചാനലിന്റെ മെയിന്‍ ഡെസ്‌ക്കില്‍ റെയ്ഡ് നടത്താന്‍ പോയ പോലീസ് ഉദ്യോഗസ്ഥന്‍ ന്യൂസ് എഡിറ്ററുടെ കസേരയില്‍ ഇരുന്നിട്ടുണ്ടെങ്കില്‍, അദ്ദേഹത്തിന്റെ മേശയില്‍ തൊട്ടിട്ടുണ്ടെങ്കില്‍ അത് ന്യായമല്ല. നീതിയുമല്ല. അങ്ങനെയെങ്കില്‍ തിരിച്ച്, എ.സി.പിയുടെ കസേരയില്‍ ഇരിക്കാന്‍ ന്യൂസ് എഡിറ്റര്‍ക്കും അവകാശമുണ്ട്. പക്ഷെ, അത് ചെയ്യാത്തത് മാന്യതയുടെ പാഠം ജേര്‍ണലിസ്റ്റുകള്‍ നല്ലപോലെ പഠിച്ചിട്ടുള്ളതു കൊണ്ടുമാത്രമാണ്. കസേരകളെ നോക്കി സല്യൂട്ട് ചെയ്യുന്നവര്‍ക്ക് മറ്റുള്ളവര്‍ ഇരിക്കുന്ന കസേരയുടെയും ചെയ്യുന്ന ജോലിയുടെയും മഹത്വം അറിയാന്‍ കൂടെ കഴിയണം. എ.സി.പിയുടെ പദവിയും ന്യൂസ് എഡിറ്ററുടെ ക്വാളിഫിക്കേനും നോക്കിയാല്‍ മതിയാകും എന്താണെന്ന്. ഇന്ന് റിപ്പോര്‍ട്ടര്‍ ചാനലിനാണ് ഈ വിധി വന്നതെങ്കില്‍, നാളെ മറ്റുള്ള ചാനലുകളില്‍ ഇതു സംഭവിച്ചു കൂടെന്നില്ല.
മെസ്സിയെ കൊണ്ടുവരും എന്ന വിഷയത്തില്‍ തെറ്റുകാര്‍ ആരാണെങ്കിലും നിയമ നടപടികള്‍ എടുക്കാന്‍ ഒരു തടസ്സവുമില്ല. പക്ഷെ, ജോലിയെ തടസ്സപ്പെടുത്തിയും, ഡെസ്‌ക്കില്‍ എത്തി, കസേരകളില്‍ ഇരിക്കുകയും ചെയ്യുമ്പോള്‍ അത് ശരിയാണെന്ന് ധരിച്ചിട്ടുണ്ടെങ്കില്‍ അതാണ് തെറ്റ്. പോലീസിനെ എല്ലാം ചെയ്യാന്‍ അധികാരമുള്ളൂ എന്നതാണ് ധാരണയെങ്കില്‍ അതും തെറ്റാണ്. അന്വേഷണവും, റെയ്ഡും എല്ലാം അനുവദനീയമാണ്. പക്ഷെ, മെസ്സിയെ കൊണ്ടുവരുമെന്ന വ്യാജ വാര്‍ത്തയുടെ ഉറവിടം തേടിയല്ലല്ലോ റിപ്പോര്‍ട്ടര്‍ ചാനലില്‍ എത്തിയത്. മാത്രമല്ല, ജേര്‍ണലിസ്റ്റുകളുടെ മൊബൈല്‍ പിടിച്ചുവെയ്ച്ചത് എന്തിനാണ്. സെര്‍ച്ച് എന്നാല്‍, അറസ്റ്റ് എന്നല്ലല്ലോ. തെറ്റു ചെയ്തത് ആരായാലും ശിക്ഷിക്കണം. അതിനുള്ള നിയമ നടപടികള്‍ നടക്കുകയും വേണം.
കഴിഞ്ഞ ദിവസം ബിഗ് ടിവിക്കെതിരേ വാര്‍ത്ത ചെയ്ത വണ്‍ ടു ടോക്ക് എന്ന യൂട്യൂബ് ചാനലിലും റെയ്ഡ് നടന്നു. വാര്‍്ത്ത നല്‍കിയതിന്റെ പേരിലായിരുന്നു റെയ്ഡ്. മൊബൈലും കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു. പക്ഷെ, ബിഗ്ടിവിക്കെതിരേ നല്‍കിയ വാര്‍ത്തകളില്‍ എവിടെയാണ് വ്യാജം. പരാതിയും പരാതിയുടെ പകര്‍പ്പും നല്‍കി വാര്‍ത്ത കൊടുത്തപ്പോള്‍, വാര്‍ത്ത കൊടുത്തയാള്‍ തെറ്റുകാരന്‍. ജോലിയ പീഢനം നടത്തുന്നവര്‍ക്ക് ഒരു പ്രശ്‌നവുമില്ല. ഇതാണോ നീതിയും നിയമവും.
















