വീട്ടിൽ മദ്യം സൂക്ഷിച്ച സംഭവത്തിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ ആഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു. വീട്ടിൽനിന്ന് 64 ലീറ്റർ മദ്യമാണ് കണ്ടെത്തിയത്. 43 ലിറ്റർ വിദേശമദ്യം, ഏഴ് ലിറ്റർ വിദേശ വൈൻ, 13 ലിറ്റർ വീട്ടിലുണ്ടാക്കിയ വൈൻ, കൂടാതെ മറ്റൊരു മുറിയിൽ നിന്ന് ഇന്ത്യയിൽ വിൽപനാനുമതിയില്ലാത്ത മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് നടപടി.
എക്സൈസ് എസി ബൈജുവിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ആന്റോയെ കൊച്ചിയിലെ ഓഫീസിൽ എത്തി അറസ്റ്റ് ചെയ്തത്. അറസ്റ്റിനിടെ നാടകീയ രംഗങ്ങളാണ് ഉണ്ടായത്.
എഫ്ഐആർ കാണിക്കാതെ അറസ്റ്റിനു വഴങ്ങില്ല എന്നായിരുന്നു ആന്റോയുടെ നിലപാട്. എഫ്ഐആർ ഡിജിറ്റൽ കോപ്പി കാണിച്ചെങ്കിലും ഹാർഡ് കോപ്പി തന്നെ വേണമെന്ന് വാശിപിടിക്കുകയായിരുന്നു.
തുടർന്ന് പെരുമ്പാവൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മനോജ് കുമാർ ആണ് എഫ്ഐആർ കോപ്പിയുമായി എത്തിയത്. ഒരാൾക്ക് കൈവശം വെക്കാവുന്നതിലും അധികം അളവിലും വിവിധ തരത്തിലുള്ള മദ്യശേഖരവുമാണ് വാഴവറ്റയിലെ വീട്ടിൽ കണ്ടെത്തിയിരിക്കുന്നത്. ഇതിനെതിരെ അബ്കാരി ആക്ട് പ്രകാരമാണ് എക്‌സൈസ് നടപടി.
മെസിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡ് അവസാനിപ്പിച്ച് എസ്ഐടി സംഘം മടങ്ങും മുമ്പേയാണ് എക്സൈസ് സംഘം ഓഫീസിൽ എത്തിയത്.
തൃക്കാക്കര എസിപി ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബുധനാഴ്ച രാവിലെ ആറുമണിയോടെ തുടങ്ങിയ റെയ്ഡ് വ്യാഴാഴ്ച പുലർച്ചെ 2:30 ഓടെയാണ് അവസാനിച്ചത്.
20 മണിക്കൂർ നീണ്ട റെയ്ഡിൽ എസ്ഐടി നിരവധി രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. മെമ്മറി കാർഡുകളും കലൂർ സ്റ്റേഡിയവുമായി ബന്ധപ്പെട്ട രേഖകളും കസ്റ്റഡിയിൽ എടുത്തു. 6300 അമേരിക്കൻ ഡോളറും കണ്ടെടുത്തു.
















