തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരന് ജീവനൊടുക്കി. ഗര്‍ഭിണിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീനിവാസന് ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. നേരത്തെ തന്നെ ചില അസുഖങ്ങള്‍ ബാധിച്ചതിനാലും ടിബി രോഗലക്ഷണങ്ങള്‍ സംശയിച്ചതിനെത്തുടര്ന്നും ജയിലിലെ പ്രത്യേക ഒബ്സര്‍വേഷന്‍ സെല്ലിലാണ് ഇയാളെ പാര്‍പ്പിച്ചിരുന്നത്. രോഗ പരിശോധനയ്ക്കായി കൊണ്ടുപോകാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ജീവനൊടുക്കിയത്. സെല്ലില്‍ നിന്ന് ശബ്ദം കേട്ടതിനെത്തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തി താഴെയിറക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നേരത്തെ തിരുവനന്തപുരം ഓപ്പണ്‍ ജയിലില്‍ ആയിരുന്ന ഇയാള്‍, ജയില്‍ ചാടാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.















