ട്രെയിന്‍ നമ്പര്‍ 22503 കന്യാകുമാരി-ദിബ്രുഗഢ് വിവേക് എക്‌സ്പ്രസില്‍ നിന്ന് കാണാതായ രണ്ട് വിദ്യാര്‍ത്ഥിനികളെ സുരക്ഷിതമായി RPF GRP അധികൃതര്‍ക്ക് കൈമാറി ട്രാവലിംഗ് ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍ (TTI) സനൂപ് എ.എ. എറണാകുളം-തൃശൂര്‍ സെക്ഷനില്‍ ടിക്കറ്റ് പരിശോധന നടത്തുന്നതിനിടെ, സനൂപ് (തിരുവനന്തപുരം ഡിവിഷനിലെ സീനിയര്‍ ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ മാനേജരുടെ ഓഫീസിലെ സ്‌പെഷ്യല്‍ ടീമംഗം), ആലുവ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെട്ടതിന് പിന്നാലെ തിരക്കേറിയ ജനറല്‍ കോച്ചില്‍ നില്‍ക്കുന്ന രണ്ട് പെണ്‍കുട്ടികളെ ശ്രദ്ധിച്ചു.
ടിക്കറ്റ് പരിശോധിച്ചപ്പോള്‍ ശരിയായി യാത്രാ ടിക്കറ്റുകള്‍ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹം കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു. അവരുടെ കൈവശമുണ്ടായിരുന്ന സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിച്ചതില്‍ ഒരാള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയും മറ്റൊരാള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമാണെന്ന് വ്യക്തമായി. സംശയം തോന്നിയതിനെ തുടര്‍ന്ന് സനൂപ് ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ കണ്‍ട്രോള്‍ സെന്ററുമായി ബന്ധപ്പെട്ട് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്, ഗവണ്‍മെന്റ് റെയില്‍വേ പോലീസ് എന്നിവരുമായി ഏകോപനം നടത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍, വിദ്യാര്‍ത്ഥിനികളുടെ വിവരങ്ങളുമായി പൊരുത്തപ്പെടുന്ന രണ്ട് പെണ്‍കുട്ടികളെ
കാണാതായതായി പരാതി ലഭിച്ചിട്ടുണ്ടെന്നും പോലീസ് ഇവര്‍ക്കായി തിരച്ചില്‍ നടത്തിവരികയാണെന്നും സ്ഥിരീകരിച്ചു. RPF നല്‍കിയ വിവരങ്ങളുമായി വിദ്യാര്‍ത്ഥിനികളുടെ തിരിച്ചറിയല്‍ വീണ്ടും ഉറപ്പാക്കിയ ശേഷം, തൃശൂര്‍ സ്റ്റേഷനിലെത്തുന്നതുവരെ സനൂപ് അവരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തു. ട്രെയിന്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ RPF, GRP കോച്ചിലെത്തി വിദ്യാര്‍ത്ഥിനികളെ ഏറ്റെടുത്ത് നിയമനടപടികള്‍ സ്വീകരിച്ചു. സനൂപിന്റെ ശ്രദ്ധയും സമയോചിതമായ ഇടപെടലും വിദ്യാര്‍ത്ഥിനികളെ തിരിച്ചറിയാനും സുരക്ഷിതമായി അധികൃതരുടെ സംരക്ഷണത്തിലേക്ക് എത്തിക്കാനും സഹായിച്ചു.















