കണ്ണൂർ കണ്ണവം റേഞ്ച് ഓഫീസിന് സമീപത്തും ചൂണ്ടിയിലും നടന്ന ബോംബ് സ്ഫോടനങ്ങളിൽ പൊലീസ് അന്വേഷണം വിപുലീകരിച്ചു. രണ്ടിടങ്ങളിലുമുണ്ടായത് സ്റ്റീൽ ബോംബ് സ്ഫോടനമാണെന്ന നിഗമനത്തിലാണ് പൊലീസ് തുടർനടപടികളുമായി മുന്നോട്ടുപോകുന്നത്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
രണ്ട് ദിവസം മുമ്പ് രാത്രിയിലാണ് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയ സ്ഫോടനങ്ങളുണ്ടായത്. വലിയ ശബ്ദം കേട്ട് സ്ഥലത്തെത്തിയ നാട്ടുകാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ രണ്ടിടത്തും ബോംബ് പൊട്ടിത്തെറിച്ചതിന്റെ വ്യക്തമായ അടയാളങ്ങൾ കണ്ടെത്തി. ബോംബിന്റെ അവശിഷ്ടങ്ങൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
സ്ഫോടനം നടന്ന സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ ലഭ്യമല്ലാത്തതിനാൽ കണ്ണവം ജംഗ്ഷനിലെയും സമീപ പ്രദേശങ്ങളിലെയും ക്യാമറ ദൃശ്യങ്ങളാണ് പൊലീസ് നിലവിൽ കേന്ദ്രീകരിക്കുന്നത്.
ബോംബ് നിർമ്മാണത്തിന് പിന്നിലും സ്ഫോടനം നടത്തിയതിന് പിന്നിലുമുള്ളവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്രദേശത്ത് പൊലീസിന്റെ രാത്രികാല പട്രോളിംഗും നിരീക്ഷണവും കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.















