ആലുവ ദേശീയപാതയിൽ മാർത്താണ്ഡവർമ പാലവും ദേശം പറമ്പയം പാലവും 10 ദിവസത്തെ അറ്റകുറ്റപ്പണിക്കായി ഇന്ന് മുതൽ അടയ്ക്കുന്നതിന്റെ ഭാഗമായി കനത്ത ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ ഒരുക്കങ്ങളും ഏർപ്പെടുത്തി പൊലീസ്.
കളമശേരി എആർ ക്യാംപിൽ നിന്ന് 60 പോലീസുകാരും ആലുവ ട്രാഫിക് സ്റ്റേഷനിലെ പോലീസുകാരും കരാറുകാർ നിയോഗിക്കുന്ന സെക്യൂരിറ്റി ജീവനക്കാരും പുളിഞ്ചോട് കവല മുതൽ പറമ്പയം കവല വരെ ഡ്യൂട്ടിക്ക് ഉണ്ടാകും. കളമശേരിയിലും അങ്കമാലിയിലും മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കും.
ആലുവ മാർത്താണ്ഡവർമ പഴയ പാലത്തിനൊപ്പം അറ്റകുറ്റപ്പണി നടത്തുന്ന ദേശം മേജർ ബ്രിജ്. നാട്ടിൽ ഇതു പറമ്പയം പാലം എന്നാണ് അറിയപ്പെടുന്നത്. ഇന്നത്തെ ഗതാഗതത്തിരക്ക് നിരീക്ഷിച്ച ശേഷം ആവശ്യമെങ്കിൽ നേരത്തേ നിശ്ചയിച്ച ഗതാഗത ക്രമീകരണങ്ങളിൽ മാറ്റം വരുത്തിയേക്കാം.
ആലുവ ടൗണിൽ ഏതു സമയത്തും വൺവേ ട്രാഫിക് ഏർപ്പെടുത്തിയേക്കാമെന്നും പോലീസ് മുന്നറിയിപ്പു നൽകുന്നു. മെട്രോ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ബൈപാസ് കവലയിൽ ദേശീയപാത അധികൃതരുടെ നേതൃത്വത്തിൽ റോഡിലെ മീഡിയനുകൾ പല ഭാഗത്തും പൊളിച്ചുനീക്കി.
സർവീസ് റോഡിലെ കുറ്റിച്ചെടികളും മാലിന്യവും നീക്കി. മാർത്താണ്ഡവർമ പുതിയ പാലത്തിലൂടെ വാഹനങ്ങൾ ഒരേസമയം ഇരുവശത്തേക്കും തിരിച്ചു വിടുമ്പോൾ അവയെല്ലാം സന്ധിക്കുന്നതു ബൈപാസ് കവലയിലാണ്.
പാലം അറ്റകുറ്റപ്പണി നടക്കുന്ന ദിവസങ്ങളിൽ ദേശീയപാതയിലും നഗരത്തിലെ പ്രധാന റോഡുകളിലും അനധികൃത പാർക്കിങ് കർശനമായി തടയുമെന്നു പോലീസ് പറഞ്ഞു. ഇന്നു പുലർച്ചെ മുതലാണ് മാർത്താണ്ഡവർമ പഴയ പാലം പൂർണമായി അടച്ചു പുതിയ പാലത്തിലൂടെ വാഹനങ്ങൾ തിരിച്ചുവിടുന്നത്.
മാർത്താണ്ഡവർമ പാലം ജനങ്ങൾക്കു സുപരിചിതമാണെങ്കിലും അറ്റകുറ്റപ്പണി നടക്കുന്ന ദേശം പാലം ഏതാണെന്ന കാര്യത്തിൽ പലർക്കും സംശയം നീങ്ങിയിട്ടില്ല. ദേശീയപാതയിലെ മംഗലപ്പുഴ പാലമാണെന്നാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. പറമ്പയം കവലയ്ക്കും ദേശം കവലയ്ക്കും ഇടയ്ക്കുള്ള ‘ദേശം മേജർ ബ്രിജി’ലാണ് അറ്റകുറ്റപ്പണി നടക്കുന്നത്. പറമ്പയം പാലം എന്നാണ് ഇതു നാട്ടിൽ അറിയപ്പെടുന്നത്.















