മൂന്നാര്‍: മൂന്നാർ മേഖലയിൽ അറുപത് ദിവസത്തിനിടയിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത് 4 പേർ. ഏതു സമയവും കാട്ടാനയാക്രമണം നേരിടാവുന്ന അവസ്ഥയാണുള്ളതെന്ന് പ്രദേശവാസികൾ പറയുന്നു. ചക്കക്കൊമ്പന്‍, മൊട്ടവലന്‍, മുറിവാലന്‍, ഒറ്റക്കൊമ്പന്‍, പടയപ്പ തുടങ്ങി നിരവധി കാട്ടാനകളാണ് മനുഷ്യവാസ പ്രദേശങ്ങളിൽ ഇറങ്ങി ഭീതി വിതയ്ക്കുന്നത്.
കാട്ടാന ആക്രമണം രൂക്ഷമായതോടെ പ്രദേശവാസികളും വഴിയാത്രക്കാരും ഭയപ്പാടിലാണ്. ചിന്നക്കനാലില്‍ ജനുവരി 8 നാണ് ഈ വര്‍ഷം ആദ്യമായി കാട്ടാനയാക്രമണത്തിൽ മനുഷ്യ ജീവൻ നഷ്ടമാകുന്നത്. തോട്ടം തൊഴിലാളികളെ ജോലിക്ക് പോകുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ പന്നിയാര്‍ എസ്റ്റേറ്റ് സ്വദേശിനി പരിമളം കൊല്ലപ്പെട്ടു. പന്നിയാര്‍ എസ്റ്റേറ്റില്‍ തമ്പടിച്ചിരുന്ന ആറ് കാട്ടാനകളിലൊന്നാണ് പരിമളത്തെ ആക്രമിച്ചത്. രാവിലെ ജോലിക്ക് പോകുന്നതിനിടെ തൊഴിലാളികള്‍ക്ക് നേരെ ആന പാഞ്ഞടുക്കുകയായിരുന്നു.
ജനുവരി 22ന് ചിന്നക്കനാല്‍ ബിഎല്‍ റാമില്‍ ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ കര്‍ഷകനായ വെള്ളക്കല്ലില്‍ സൗന്ദര്‍രാജിന് (68) പരിക്കേറ്റു. തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ജന വിര 26ന് മരിച്ചു. കൃഷിയിടത്തില്‍ ജോലി ചെയ്യുമ്പോഴാണ് സൗന്ദര്‍രാജിനെ കാട്ടാന ആക്രമിച്ചത്.
ജനുവരി 24നാണ് കോയമ്പത്തൂര്‍ സ്വദേശി കെ. പാല്‍രാജാണ് (74) കൊല്ലപ്പെട്ടത്.
മൂന്നാര്‍ തെന്മല എസ്റ്റേറ്റില്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ പാല്‍രാജ് മറ്റ് മൂന്നുപേരോടൊപ്പം എസ്റ്റേറ്റ് കാന്റീനില്‍ പോയി മടങ്ങിവരുന്ന വഴിയില്‍ രാത്രി 9.30നായിരുന്നു ആനയുടെ ആക്രമണം. പാല്‍രാജിനെ ആന അടിച്ച് വീഴ്ത്തിയ ശേഷം ചവിട്ടുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.
ആഴ്ചകള്‍ക്കുള്ളില്‍ മൂന്ന് മരണം ഉണ്ടായിട്ടും വനംവകുപ്പ് കാര്യമായ യാതൊരു നടപടിയും എടുത്തില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.ഇതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ ഭീതി വിതച്ച് കാട്ടാന ആക്രമണമുണ്ടായത്. കന്നിമലയ എസ്റ്റേറ്റിലെ ഒട്ടോറിക്ഷ ഡ്രൈവര്‍ സുരേഷ് കുമാറാണ് കൊല്ലപ്പെട്ടത്. കുടുംബവുമൊത്ത് രാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. സുരേഷിനെ കാട്ടാന തുമ്പിക്കൈയ്ക്ക് ചുഴറ്റി എടുത്തെറിയുകയായിരുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി പടയപ്പയും മേഖലയില്‍ വലിയ ഭീതി വിതയ്ക്കുന്നുണ്ട്.ഈ പ്രദേശങ്ങളിൽ എത്തുന്ന ടൂറിസ്റ്റുകളും ആശങ്കയിലാണ്. കാട്ടാന ആക്രമണം തടഞ്ഞില്ലെങ്കിൽ ടൂറിസം മേഖലെയേയും സാരമായി ബാധിക്കുമെന്നും നാട്ടുകാർ പറയുന്നു.
















