ഫെബ്രുവരി 28, രാജ്യം ദേശീയ ശാസ്ത്ര ദിനമായി ആചരിക്കുന്നു. 1928 ഫെബ്രുവരി 28നാണ് സർ സി.വി. രാമൻ അദ്ദേഹത്തിൻ്റെ രാമൻ പ്രഭാവം (രാമൻ എഫെക്റ്റ്) അവതരിപ്പിക്കുന്നത്. ഈ കണ്ടെത്തലിന് 1930ൽ അദ്ദേഹത്തിന് ഭൗതീക ശാസ്ത്രത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചിരുന്നു. ശാസ്ത്രത്തിന് നോബേൽ ലഭിക്കുന്ന ആദ്യ ഏഷ്യക്കാരൻ എന്ന ബഹുമതിയും രാമൻ എഫക്ട് എന്ന കണ്ടുപിടുത്തത്തിലൂടെ അദ്ദേഹം സ്വന്തമാക്കി. ദേശീയ ശാസ്ത്ര സാങ്കേതിക വിവര വിനിമയ സമിതി (NCSTC) ആവശ്യപ്പെട്ടതിനെ തുടർന്ന് 1986 ൽ രാജീവ് ഗാന്ധി സർക്കാറാണ് ഈ ദിവസം ദേശീയ ശാസ്ത്ര ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.തുടർന്ന് 1987 മുതൽ ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി രാജ്യമൊട്ടാകെ ആഘോഷിക്കപ്പെടുന്നു.
ഓരോ വർഷവും പ്രത്യേക വിഷയം കേന്ദ്രീകരിച്ചായിരിക്കും പരിപാടികൾ ആസൂത്രണം ചെയ്യുക. ഈ മാസം ആദ്യം കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് ഈ വർഷത്തെ ശാസ്ത്ര ദിനത്തിൻ്റെ മുദ്രാവാക്യം പ്രഖ്യാപിക്കുകയുണ്ടായി. ‘വികസിത ഇന്ത്യക്ക് തദ്ദേശിയ സാങ്കേതിക വിദ്യകൾ’ (‘Indigenous Technologies for Viksit Bharat’) എന്നായിരുന്നു ആ മുദ്രാവാക്യം. ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയങ്ങൾ എന്നിവയോടുള്ള ജനങ്ങളുടെ ആഭിമുഖ്യം വർദ്ധിപ്പിക്കുന്നതിനോടൊപ്പം ആഭ്യന്തരമായി (തദ്ദേശമായി) വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകളിലൂടെ വെല്ലുവിളികളെ അതിജീവിക്കുന്ന ഇന്ത്യൻ ശാസ്ത്രജ്ഞരുടെ നേട്ടങ്ങളെ അഭിനന്ദിക്കുന്നതാണ് ഈ തീം കൊണ്ട് അർത്ഥമാക്കുന്നത്.
ഇന്ത്യയ്ക്ക് ആദ്യമായി നൊബേൽ സമ്മാനം നേടിത്തന്ന സിവി രാമന്റെ ഈ കണ്ടെത്തലിന് പിന്നിൽ രസകരമായതും വളരെ ലളിതമായ ഒരു പക്ഷെ നിസാരമെന്ന് തോന്നാവുന്ന ഒരു ചോദ്യത്തിന്റെ കഥയുണ്ട്. ആ ചോദ്യം അത്രയും ലളിതമായിരുന്നു.
എന്ത് കൊണ്ടാണ് കടലിന് നീലനിറം?
അതുവരെ ആളുകൾ വിചാരിച്ചിരുന്നത് ആകാശത്തിന് നീലനിറമാണ് ആ നിറമാണ് കടലിൽ പ്രതിഫലിക്കുന്നത് എന്നായിരുന്നു. അങ്ങനെ അല്ല എന്ന് കണ്ടെത്തുന്നത് സിവി രാമനാണ്. കടലിൽ യാത്ര ചെയ്യുമ്പോൾ അന്നത്തെ കാലത്തെ ചെറിയ ചെലവിലുള്ള ഉപകരണങ്ങൾ വെച്ചുകൊണ്ട് നടത്തിയ പരീക്ഷണങ്ങളിലൂടെ അദ്ദേഹം ഇത് ആകാശ നിറം പ്രതിഫലിക്കുന്നതല്ല എന്ന് കണ്ടെത്തി. മറിച്ച് പ്രകാശം ജലത്തിൽ വീഴുമ്പോൾ സംഭവിക്കുന്നത് എന്താണെന്ന് വിശദീകരിക്കുകയും ചെയ്തു.
ഇത്തരത്തിൽ വളരെ ലളിതമായൊരു ചോദ്യത്തിന് ഉത്തരം കണ്ടെത്താനായി ശ്രമിച്ചതിലൂടെ പിന്നീട് സംഭവിച്ചത് വലിയ മാറ്റങ്ങളായിരുന്നു. ആ അറിവ് ഇന്ന് രാമൻ സ്പെക്ട്രോസ്കോപി എന്ന് പറയുന്ന ഒരു ശാസ്ത്ര വിഷയത്തിന്റെ ഉദയത്തിന് കാരണമായി. ഇത്തരത്തിൽ വളരെ ചെറിയ ചോദ്യങ്ങൾ വലിയ കണ്ടെത്തലുകളിലേക്ക് നയിച്ച സംഭവങ്ങൾ ശാസ്ത്രലോകത്ത് നിരവധിയാണ്.
ഈ ശാസ്ത്ര ദിനത്തിൽ ഓർക്കപ്പെടേണ്ട മറ്റൊരു വസ്തുത കൂടിയുണ്ട്. ഇരുന്നോറോളം ലോക രാഷ്ട്രങ്ങളിൽ ഇന്ത്യയ്ക്ക് മാത്രം അഭിമാനിക്കാവുന്ന ഒരു കാര്യം. അത് എന്താണ് എന്ന് വെച്ചാൽ ഭരണ ഘടനയിൽ തന്നെ ശാസ്ത്ര ബോധം നിർമിച്ചെടുക്കുക എന്നത് ഒരു പൗരന്റെ കടമയായി നിർവചിക്കപ്പെട്ടിട്ടുണ്ട് എന്നുള്ളതാണ്. അത്തരത്തിലൊരു കടമ മറ്റൊരു രാജ്യവും അവരുടെ പൗരന്മാരുടെ മേൽ ചാർത്തിക്കൊടുത്തിട്ടില്ല. ഇത് വീണ്ടും ഓർമിപ്പിക്കുന്ന ഒരു ദിനമാണ് ശാസ്ത്രദിനം എന്നത് കൂടി എല്ലാവരും ഓർമിക്കേണ്ട ദിനം കൂടിയാണിത്.
Read more :
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ