ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തുന്ന ‘ഭ്രമയുഗം’. രാഹുൽ സദാശിവനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിനെതിരെ പരാതിയുമായി കോട്ടയം ജില്ലയിലെ പുഞ്ചമൺ ഇല്ലം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
ചിത്രത്തിന് അനുവദിച്ച സെൻസർ സർട്ടിഫിക്കറ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഫെബ്രുവരി 15നു റിലീസ് ചെയ്യാനിരിക്കെയാണ് ചിത്രത്തിനെതിരെ ഇത്തരമൊരു ആരോപണം ഉയർന്നിരിക്കുന്നത്.
ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന ‘കുഞ്ചമൺ പോറ്റി’ അല്ലെങ്കിൽ ‘പുഞ്ചമൺ പോറ്റി’ എന്നത് തങ്ങളുടെ കുടുംബപ്പേരും സ്ഥാനപ്പേരുമാണെന്നും സിനിമയിലെ കഥാപാത്രം ദുര്‍മന്ത്രവാദങ്ങളും മറ്റും ചെയ്യുന്നതായി കാണിച്ചിരിക്കുന്നത് തങ്ങളുടെ കുടുംബത്തിന്റെ സത്കീർത്തിയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പുഞ്ചമൺ ഇല്ലം കോടതിയെ സമീപിച്ചത്.
ഹർജിയില്‍ കോടതി ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടിസ് അയച്ചു.
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ പുഞ്ചമൺ ഇല്ലക്കാരെക്കുറിച്ചു പറയുന്നുണ്ടെന്നും തങ്ങൾ പരമ്പരാഗതമായി മന്ത്രവാദം ചെയ്യുന്നവരാണെന്നുമാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ ‘ഭ്രമയുഗം’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത് ഇത് ഐതീഹ്യമാലയില്‍നിന്ന് എടുത്തിട്ടുള്ള തങ്ങളുടെ കഥയാണ് എന്നാണ്.
എന്നാൽ ഈ കഥയിലെ നായകനായ ‘കുഞ്ചമൺ പോറ്റി’ എന്നു വിളിക്കുന്ന കഥാപാത്രം ദുർമന്ത്രവാദവും മറ്റും ചെയ്യുന്ന ആളാണ്. ഇത് കുടുംബത്തിനു സമൂഹത്തിന്റെ മുന്നിൽ ചീത്തപ്പേരു വരുത്തി വയ്ക്കുമെന്നാണ് ഹർജിയിലെ വാദം.
Read more…….
. ‘കൊലപാതകം കൊലപാതകം തന്നെയാണ്’: പോച്ചർ സീരീസിന്റെ പ്രമോ വീഡിയോയുമായി ആലിയ ഭട്ട്
. അവിശ്വസനീയമായ വിജയം നേടി ‘ഹനുമാൻ’: ആഗോളതലത്തിൽ 300 കോടിയിലധികം നേടി തേജ സജ്ജ ചിത്രം
. ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം: ‘കരാട്ടെ ചന്ദ്രനാ’യി ഫഹദ് ഫാസിൽ
. ‘വൈ ദിസ് കൊലവെറിയുടെ സ്വീകാര്യത സിനിമയ്ക്കുമേൽ വലിയ സമ്മർദ്ദമുണ്ടാക്കി’: ഐശ്വര്യ രജനികാന്ത്
മമ്മൂട്ടിയെപ്പോലൊരു നടൻ അഭിനയിക്കുന്ന ചിത്രം ഒരുപാട് ആളുകളെ സ്വാധിനിക്കുമെന്നും ഹർജിയിൽ പറയുന്നുണ്ട്. സിനിമയുടെ സംവിധായകനോ അണിയറക്കാരോ ഇതിനെ സംബന്ധിച്ച് ഒരു വിശദീകരണവും തരാൻ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല.
ഇത്തരമൊരു ചിത്രം കുടുംബത്തെ മനഃപൂർവം താറടിക്കാനും സമൂഹത്തിനു മുൻപിൽ തങ്ങളെ മാനം കെടുത്താനുമാണെന്ന് ഭയപ്പെടുന്നു. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന തങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ട പേരും പരാമര്‍ശങ്ങളും നീക്കണമെന്നും ഹർജിയില്‍ ഉന്നയിച്ചിട്ടുണ്ട്.