തിരുവനന്തപുരം: സാമൂഹികവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ നവമാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന് 30 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തതായി ഡിജിപി അറിയിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തെ കേസുകളുടെ കണക്കാണിത്. കൂടാതെ ഒരാളെ അറസ്റ്റ് ചെയ്തതായി ഡിജിപി അനിൽ കാന്ത് അറിയിച്ചു. കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസിലാണ് അറസ്റ്റ്.
കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് എറണാകുളം റൂറൽ പരിധിയിലെന്നും ഡിജിപി വ്യക്തമാക്കി. 13 കേസുകളാണ് എറണാകുളം റൂറൽ പരിധിയിൽ രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം റൂറല്‍- 1, കൊല്ലം സിറ്റി-1, ആലപ്പുഴ-2, കോട്ടയം-1, തൃശൂര്‍ റൂറല്‍-1, പാലക്കാട്-4, മലപ്പുറം-3, കോഴിക്കോട് റൂറല്‍- 2, കാസര്‍കോട്- 2 എന്നിങ്ങനെയാണ് മറ്റു ജില്ലയിലെ കണക്കുകള്‍.
എറണാകുളം റൂറല്‍ ജില്ലയില്‍ നോര്‍ത്ത് പരവൂര്‍, കോതമംഗലം, മുവാറ്റുപുഴ, ചോറ്റാനിക്കര, കല്ലൂര്‍ക്കാട്, ആലുവ ഈസ്റ്റ്, ആലുവ വെസ്റ്റ്, ബിനാനിപുരം, എടത്തല, അങ്കമാലി, ചെങ്ങമനാട്, നെടുമ്പാശ്ശേരി, പെരൂമ്പാവൂര്‍ പോലീസ് സ്റ്റേഷനുകളിലാണ് ഒരു കേസ് വീതം രജിസ്റ്റര്‍ ചെയ്തത്. പാലക്കാട് കസബ, ടൗണ്‍ സൗത്ത്, കൊപ്പം, ഒറ്റപ്പാലം സ്റ്റേഷനുകളിലും ഒരു കേസ് വീതം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സാമൂഹികവിദ്വേഷവും മതസ്പര്‍ദ്ധയും വളര്‍ത്തുന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ തയ്യാറാക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. ഇത്തരം സന്ദേശങ്ങള്‍ നിരീക്ഷിക്കാനും അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനും പോലീസ് പ്രത്യേകസംവിധാനം ഒരുക്കിയിട്ടുണ്ട്.
ഇത്തരം പ്രചരിപ്പിക്കുന്നവർക്കുമെതിരെ കർശന നടപടിയെടുക്കുമെന്ന് കേരള പോലീസ് അറിയിച്ചു. ഇത്തരം കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

















