ഒട്ടാവ: കാനഡയിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വീണ്ടും അധികാരത്തിലേക്ക്. 38 ശതമാനം വോട്ടുകളോടെ ട്രൂഡോയുടെ ലിബറൽ പാർട്ടി മുന്നിലാണ്. ട്രൂഡോ പ്രധാനമന്ത്രിപദം നിലനിർത്തുമെന്നും കനേഡിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ആകെയുള്ള 338 സീറ്റുകളിൽ 157 സീറ്റുകളിലേറെ നേടി ലേബർ പാർട്ടി കുതിക്കുകയാണ്. പ്രധാന എതിരാളിയായ കൺസർവേറ്റീവ് പാർട്ടി 119 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. ക്യുബിക്വ പാർട്ടി 32 സീറ്റിലും എൻ.ഡി.പി 24 സീറ്റിലും മുന്നിട്ട് നിൽക്കുന്നുണ്ട്. 170 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
അതേസമയം, തെരഞ്ഞെടുപ്പ് വിജയം സംബന്ധിച്ച് ഔദ്യോഗിക ഫല പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. പാർലമെന്റിൽ കേവല ഭൂരിപക്ഷം സീറ്റുകൾ നേടാൻ ട്രൂഡോയുടെ പാർട്ടിക്ക് സാധിച്ചോയെന്നും വ്യക്തമല്ല.ഭൂരിപക്ഷം ഉറപ്പാക്കാമെന്ന ആത്മവിശ്വാസത്തോടെ രണ്ടുവർഷം മുന്പേ തെരഞ്ഞെടുപ്പ് നടത്താനാണ് ട്രൂഡോ തീരുമാനിച്ചത്. കോവിഡിനു പുറമേ കാലാവസ്ഥാ വ്യതിയാനവും തെരഞ്ഞെടുപ്പിൽ ചൂടേറിയ ചർച്ചാവിഷയമായി.