തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ലോക്ക് ഡൗൺ മാർഗനിർദ്ദേശങ്ങൾ നാളെ മുതൽ നടപ്പാകും. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. ടിപിആറിന് പകരം ഇനി മുതൽ പ്രതിവാര രോഗബാധ നിരക്ക് ( Weekly infection population ratio) അടിസ്ഥാനമാക്കിയാക്കും നിയന്ത്രണങ്ങൾ.
പുതിയ ഉത്തരവനുസരിച്ച് കടകൾ, മാർക്കറ്റുകൾ, ബാങ്കുകൾ,ധനകാര്യസ്ഥാപനങ്ങൾ, ഫാക്ടറികൾ, മറ്റു വ്യവസായ യൂണിറ്റുകൾ, ടൂറിസം കേന്ദ്രങ്ങൾ എന്നിവയെല്ലാം തിങ്കൾ മുതൽ ശനി വരെ തുറക്കാം. എല്ലാ കടകളിലും ടൂറിസം കേന്ദ്രങ്ങളിലും വാക്സിൻ എടുത്ത ജീവനക്കാരുടെ എണ്ണവും ഒരേസമയം പ്രവേശിക്കാവുന്നവരുടെ എണ്ണവും പരസ്യപ്പെടുത്തണം. എല്ലാ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളും തിങ്കൾ മുതൽ വെള്ളി വരെ പ്രവർത്തിക്കും. എല്ലാ സ്ഥാപനങ്ങളിലും കൊവിഡ് പ്രോട്ടോക്കോളും സാമൂഹിക അകലവും ഉറപ്പാക്കേണ്ട ബാധ്യത സ്ഥാപന ഉടമയ്ക്ക് ആയിരിക്കും.
പുതുക്കിയ കോവിഡ് മാർഗരേഖപ്രകാരം കടകളിൽ പ്രവേശിക്കാൻ മൂന്ന് നിബന്ധനകളുണ്ട്. രണ്ടാഴ്ച മുമ്പ് ആദ്യ ഡോസ് വാക്സിൻ എടുത്തവരോ 72 മണിക്കൂറിനിടെ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരോ, കോവിഡ് പോസിറ്റീവായി ഒരുമാസം കഴിഞ്ഞവരോ ആയിരിക്കണം. കടകൾക്ക് പുറമെ ബാങ്കുകള്‍, മാര്‍ക്കറ്റുകള്‍, ഓഫീസുകള്‍, വ്യവസായ സ്ഥാപനങ്ങൾ, തുറസായ ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ഈ നിബന്ധന ബാധകമാണ്.
കടകളിൽ 25 ചതുരശ്രമീറ്ററിൽ ഒരാൾ എന്ന നിലയിൽ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ. കുട്ടികൾക്കും മുതിർന്നവരുടെ കൂടെ പോകാം എന്നും മാർഗരേഖയിൽ പറയുന്നു.
സർക്കാർ ഓഫീസുകളും പൊതുമേഖലാ സ്ഥാപനങ്ങളും ആഴ്ചയിൽ അഞ്ചുദിവസം പ്രവർത്തിക്കും. മാളുകളിലും ഓൺലൈൻ ഡെലിവെറിക്ക് അനുമതി നൽകിയിട്ടുണ്ട്. റസ്റ്റോറന്റുകൾക്ക് സമീപം തുറന്ന സ്ഥലങ്ങളിലും കാറുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം. റിസോർട്ടുകൾക്കും ഹോട്ടലുകൾക്കും ബയോ ബബിൾ മാതൃകയിൽ പ്രവർത്തിക്കാമെന്നും മാർഗരേഖയിൽ പറയുന്നു.
സ്കൂളുകള്‍, കോളേജുകള്‍, ട്യൂഷന് സെന്ററുകള്‍, തിയേറ്ററുകള്‍ എന്നിവ തുറക്കില്ല. പൊതുപരിപാടികള്‍ക്ക് അനുമതിയില്ല. ആരാധനാലയങ്ങളിൽ വിസ്തീർണം കണക്കാക്കി ആളുകൾ പങ്കെടുക്കണം. വലിയ വിസ്തീർണമുള്ള സ്ഥലങ്ങളിൽ പരമാവധി 40പേർ. വിവാഹങ്ങള്‍ക്കും മരണാനന്തരച്ചടങ്ങിനും 20 പേര്‍ക്ക് മാത്രം അനുമതി. അതേസമയം മത്സരപരീക്ഷകള്‍, റിക്രൂട്ട്മെന്റ്, സ്പോര്‍ട്സ് ട്രയലുകള്‍, സര്‍വകലാശാലാ പരീക്ഷകള്‍ക്കും അനുമതി നൽകിയിട്ടുണ്ട്.
അവശ്യവസ്തുകൾ വാങ്ങൽ, വാക്സിനേഷൻ, കൊവിഡ് പരിശോധന, അടിയന്തര മെഡിക്കൽ ആവശ്യങ്ങൾ, മരുന്നുകൾ വാങ്ങാൻ, ബന്ധുക്കളുടെ മരണം, അടുത്ത ബന്ധുക്കളുടെ കല്ല്യാണം, ദീർഘദൂരയാത്രകൾ, പരീക്ഷകൾ എന്നീ ആവശ്യങ്ങൾക്ക് വേണ്ടി ആളുകൾക്ക് പുറത്തു പോകാം.
ആൾക്കൂട്ടവും തിരക്കും ഒഴിവാക്കാൻ രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കാമെന്നാണ് ഉത്തരവ്. രാത്രി 9.30 വരെ ഹോട്ടലുകളിലും റെസ്റ്റോറൻ്റുകളിലും ഓൺലൈൻ ഡെലിവറിയും അനുവദനീയമാണ്.
ആഗസ്റ്റ് എട്ട് ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണായിരിക്കും. എന്നാൽ ആഗസ്റ്റ് 15-ന് ലോക്ക്ഡൗൺ ബാധകമല്ല. ഒരു ഡോസ് വാക്സിൻ എടുത്ത് 14 ദിവസം പിന്നിട്ടവർ, കൊവിഡ് പൊസീറ്റിവായി ഒരു മാസം കഴിഞ്ഞവർ, 72 മണിക്കൂറിനകം ആർടിപിസിആർ ടെസ്റ്റ് ചെയ്ത് നെഗറ്റീവായവർ എന്നിവർക്കൊപ്പം കുട്ടികൾക്ക് പുറത്തു പോകാം.
എല്ലാ വിധ സാമൂഹിക – സാംസ്കാരിക കൂട്ടായ്മകളും നിരോധിച്ചിരിക്കുന്നു. എന്നാൽ വിവാഹം, മരണം എന്നിവയ്ക്ക് ഇരുപത് പേരെ അനുവദിക്കും. ആരാധനാലയങ്ങളിൽ പരമാവധി നാൽപ്പത് പേരെ വരെ അനുവദിക്കും. എന്നാൽ വലിപ്പം കുറഞ്ഞ ആരാധാനലയങ്ങളിൽ ഇത്രയും പേർക്ക് പ്രവേശനമുണ്ടാവില്ല. ഒരാൾക്ക് 25 ചതുരശ്രഅടി സ്ഥലമെങ്കിലും ഉറപ്പാക്കണം.
നിയന്ത്രണത്തിന് പുതിയ രീതിയാണ് അടിസ്ഥാനമാക്കിയിരിക്കുന്നത്. പഴയ ടി.പി.ആർ അടിസ്ഥാനമാക്കിയുള്ള ലോക്ഡൗൺ സമ്പ്രദായം ഉപേക്ഷിച്ചു. ഓരോ ആഴ്ചയിലും പഞ്ചായത്തുകളിലെയും നഗരസഭാ-മുൻസിപ്പൽ വാർഡുകളിലെയും കൊവിഡ് രോഗികളുടെ എണ്ണം എടുത്ത് പരിശോധിച്ച് ആയിരത്തിൽ എത്ര പേർക്ക് രോഗമുണ്ടെന്ന കണക്കെടുക്കും. ആയിരം പേരിൽ പത്തിലേറെ പേർ പോസിറ്റീവ് ആയാൽ അവിടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. എല്ലാ ബുധനാഴ്ചയും ഈ ഇൻഫക്ഷൻ പോപ്പുലേഷൻ റേഷ്യോ ജില്ല തല സമിതി പ്രസിദ്ധീകരിക്കും.